watsapp-security

ന്യൂയോർക്ക്: സാമൂഹ്യ മാദ്ധ്യമമായ വാട്‌സാപ്പിൽ വൻ സുരക്ഷാ വീഴ്‌ച. എൻ.എസ്.ഒ എന്ന ഇസ്രയേലി സൈബർ ഇന്റലിജൻസ് കമ്പനിയുടെ സ്‌പൈവേർ, ഉപയോക്താക്കളുടെ ഫോണുകളിൽ കയറിക്കൂടിയതായാണ് സൂചന. ആൻഡ്രോയിഡ്, ഐ.ഒ.എസ്‌ ഫോണുകളെ ഇതു ബാധിക്കും. വാട്സാപ്പ്‌ കോളുകളിലൂടെയാണ് സ്‌പൈവേർ വാട്സാപ്പിലേക്കു കടക്കുന്നത്. ഉപയോക്താവ്‌ കോൾ സ്വീകരിച്ചില്ലെങ്കിൽ കൂടിയും സ്‌പൈവേർ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ പറയുന്നു. കോൾലോഗിൽ നിന്ന് ഉടൻ അപ്രത്യക്ഷമാകുന്നതിനാൽ കണ്ടെത്താനും കഴിയില്ല. കോൾലോഗ്, ചിത്രങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ നിർണായക വിവരങ്ങൾ ചോർത്താൻ ശേഷിയുള്ളതാണ് ഈ സ്‌പൈവേറെന്നാണ് സൂചന.

അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം എൻ.എസ്.ഒ ഏറ്റെടുത്തിട്ടില്ല. ഒട്ടേറെ പ്രമുഖരുടെ വിവരങ്ങൾ ചോർത്തി സർക്കാരുകൾക്കും ഏജൻസികൾക്കും നൽകുന്നതിൽ കുപ്രസിദ്ധി നേടിയ കമ്പനിയാണ് എൻ.എസ്.ഒ. ഫോണുകളിൽ കടന്നു കയറി വിവരങ്ങൾ ചോർത്തുന്ന പെഗാസസ് എന്ന ഇവരുടെ സോഫ്‌റ്റ്‌വെയർ പ്രശസ്‌തമാണ്.

ഈ മാസം ആദ്യമാണ് വാട്സാപ് പിഴവ് കണ്ടെത്തിയത്. അതീവസുരക്ഷയും രഹസ്യസ്വഭാവവും പുലർത്തുന്നതാണ് വാട്സാപ്പിലെ ആശയവിനിമയ സംവിധാനമെന്ന കമ്പനിയുടെ അവകാശവാദത്തിന് തിരിച്ചടിയാണ് പുതിയ സംഭവം. ഉപയോക്താക്കൾ എത്രയും പെട്ടെന്ന് ആപ് അപ്‌ഡേറ്റ് ചെയ്യാനും കമ്പനി നിർദേശിച്ചിട്ടുണ്ട്.