തിരുവനന്തപുരം: പൊലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്രെെംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടു. 23ന് പോസ്റ്റൽ വോട്ടിംഗ് പൂർത്തിയാക്കിയശേഷമേ കളളവോട്ട് സ്ഥിരീകരിക്കാനാകൂ. ഇതുസംബന്ധിച്ച് കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല.
പൊലീസുകാർ വിവിധ ഡ്യൂട്ടികളിലായതിനാൽ മൊഴിയെടുക്കാൻ തടസമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടക്കാല റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി വിശദമായ അന്വേഷണത്തിന് കൂടുതൽ സാവകാശം തേടിക്കൊണ്ടുള്ള റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂർ എസ്.പി കെ.എസ് സുദർശൻ ഐ.ജി ശ്രീജിത്തിന് കൈമാറിയത്.
ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണയ്‌ക്ക് നൽകേണ്ട സമയപരിധി ഇന്ന് അവസാനിക്കുന്നതിനാലാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ പോലീസുകാരിൽനിന്നടക്കം മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. എത്ര പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നറിയണമെങ്കിൽ വോട്ടെണ്ണൽ കഴിയണം എന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു.
ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിശോധിച്ചാവും ഡി.ജി.പി തിരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറുക. പൊലീസ് അസോസിയേഷന്റെ ഇടപെടൽ സ്ഥിരീകരിച്ചതോടെയാണ് കമ്മിഷന്‍ സമഗ്ര അന്വേഷണത്തിന് നിർദേശിച്ചത്. എന്നാൽ, ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം സാദ്ധ്യമാകില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.