തിരുവനന്തപുരം: കാനറാബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കാനറാ ബാങ്ക് റീജണൽ ഓഫീസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. രാവിലെ ഒമ്പതരയോടെയാണ് സ്റ്റാച്യുവിലുള്ള കനറാ ബാങ്ക് റീജണൽ ഓഫീസിനു മുന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
പ്രതിഷേധ പ്രകടനത്തിനെത്തിയ പ്രവർത്തകർ ബാങ്ക് കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. ശേഷം ബാങ്ക് റിസപ്ഷൻ കൗണ്ടർ അടിച്ചുതകർത്തു. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ബാങ്കിന് വെളിയിൽകുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം, വായ്പ്പ തിരിച്ചടവിനുള്ള രേഖയിൽ മകളുടേയും ഒപ്പ് ബാങ്ക് അധികൃതർ വാങ്ങിയെന്ന് പിതാവ് ചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വായ്പ തിരിച്ചടവ് സംബന്ധിച്ച ഉറപ്പ് വായ്പ എടുത്തയാളിൽ നിന്നാണ് എഴുതി വാങ്ങാറുള്ളത്. എന്നാൽ ,ഭാര്യയുടെയും മകളുടെയും ഒപ്പ് അധികൃതർ വാങ്ങിച്ചുവെന്നും ബാങ്ക് മാനേജറടക്കം സമ്മർദം ചെലുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് മകൾക്ക് ആശങ്കയുണ്ടായിരുന്നെന്നും ചന്ദ്രൻ കൂട്ടിച്ചേർത്തു.