ന്യൂഡൽഹി: പൊതു ഇടങ്ങളിൽ ആർ.എസ്.എസ് ശാഖകൾക്ക് കർശന നിരോധനം ഏർപ്പെടുത്തുമെന്നും ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇനി കേസ് എടുക്കില്ലെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 130 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ സീറ്റുകൾ മൂന്നിരട്ടിയാവുമെന്നും കമൽ നാഥ് കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിൽ കോൺഗ്രസ് 29ൽ 22 സീറ്റും നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. "സംസ്ഥാനത്തെ ആർ.എസ്.എസിന്റെ പ്രവർത്തനം ശക്തമായി പ്രതിരോധിക്കും. പൊതു ഇടങ്ങളിൽ ശാഖകൾ തുറക്കാൻ ആർ.എസ്.എസിനെ അനുവദിക്കില്ല. ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ശക്തമായി പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെന്നും കമൽ നാഥ് വിലയിരുത്തി. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ബി.ജെ.പി അതാണ് ചെയ്യുന്നതെന്ന് കമൽനാഥ് കൂട്ടിച്ചേർത്തു.
നിലവിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസിന് രണ്ടു സീറ്റുകൾ മാത്രമാണുള്ളത്. എന്നാൽ, 2018 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 15 വർഷത്തെ ബി.ജെ.പിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചിരുന്നു. അതേസമയം, മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ഗോവധത്തിന് യുവാക്കളുടെ പേരിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.