തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച ലേഖയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെയും ബന്ധുക്കളെയും അറസ്‌റ്റ് ചെയ്‌തെങ്കിലും, ഇന്നലെ സംഭവമുണ്ടായശേഷം ബന്ധുക്കളും അയൽക്കാരും പൊലീസുമുൾപ്പെടെ നിരവധിപേർ ഇവിടെ എത്തിയിരുന്നെങ്കിലും ആത്മഹത്യാക്കുറിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നത് ദുരൂഹതയുണർത്തുകയാണ്.
ഇത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനും കഴിഞ്ഞിട്ടില്ല. ജീവനൊടുക്കും മുമ്പ് ലേഖ എഴുതിയതാണ് കുറിപ്പെന്നാണ് കരുതുന്നത്. കയ്യക്ഷര പരിശോധനയിലൂടയേ പൊലീസിന് ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. ഇന്നലെ ആത്മഹത്യാവിവരം പുറത്തായത് മുതൽ ചന്ദ്രനും അയാളുടെ അമ്മയും ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയാണ് കാരണമെന്നാണ് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബാങ്കിൽ നിന്ന് ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നിരന്തരം വിളികളുണ്ടായതായും ഇന്നലെ മകൾ ജീവനൊടുക്കിയശേഷവും ബാങ്കിന്റെ അഭിഭാഷകൻ വിളിച്ച് ഭീഷണിപ്പെടുത്തിയതായുമാണ് ചന്ദ്രൻ അൽപ്പം മുമ്പുവരെ പറഞ്ഞിരുന്നത്. തുടക്കം മുതൽ ബാങ്കിനെതിരെ ഒരേ സ്വരത്തിൽ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നതിനാൽ പൊലീസിനും മറ്റ് സംശയങ്ങൾ തോന്നിയിരുന്നില്ല.
മറ്റെന്തെങ്കിലും കാരണങ്ങൾ കൂടി സംഭവത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി ബന്ധുക്കളായ കൂടുതൽ പേരിൽ നിന്ന് പൊലീസ് ഇന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സംഭവത്തിന്റെ തെളിവുകൾ ശേഖരിക്കാനായി ഫോറൻസിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇതിന്റെ കുടുംബപ്രശ്നങ്ങളാണെന്ന നിലയിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ പ്രദേശത്ത് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ബാങ്കിനെതിരെ നടന്നുവന്ന പ്രതിഷേധ പരിപാടികൾ അൽപ്പം തണുത്തിട്ടുണ്ട്.
വീട്ടിലെ ആത്മഹത്യചെയ്ത മുറിക്കുള്ളിലെ ചുവരിൽ പതിച്ച നിലയിലാണ് ഇന്ന് രാവിലെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ലേഖയുടെ ഭർത്താവ് ചന്ദ്രൻ രുദ്രൻ, ഇയാളുടെ മാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത , ഭർത്താവ് കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. 'എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്' കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് ലോൺ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രൻ ഒന്നും ചെയ്തില്ല. ചന്ദ്രനിൽ നിന്നും അയാളുടെ അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും കാലങ്ങളായി സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനവും പീഡനങ്ങളും നേരിട്ടുവരികയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.