ജയ്‌പൂർ: തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ പ്രത്യേക വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി കുത്തിയിരിപ്പ് സമരം നടത്തി. ജയ്‌പൂരിലെ ബഗ്‌രു പൊലീസ് സ്റ്റേഷനു മുന്നിലാണ് കഴിഞ്ഞ ദിവസം പ്രഹ്ലാദ് മോദി കുത്തിയിരിപ്പ് സമരം നടത്തിയത്. തനിക്കേർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ജീവനക്കാർക്ക് സഞ്ചരിക്കാൻ മറ്റൊരു വാഹനം ഏർപ്പാടക്കണമെന്നതായിരുന്നു പ്രഹ്ളാദിന്റെ ആവശ്യം.
സുരക്ഷാ ജീവനക്കാരെ തന്റെ വാഹനത്തിൽ കയറ്റാനാകില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ, സുരക്ഷാ ജീവനക്കാർ നിയമം പറഞ്ഞപ്പോൾ പ്രഹ്ളാദ് പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ജയ്‌പൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു പ്രഹ്ളാദും സുരക്ഷാ ജിവനക്കാരും തമ്മിൽ പ്രശ്‌നമുണ്ടായത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് മോദിയുടെ സഹോദരന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. തന്റെ കാറിൽ ഇവരെ കൊണ്ടുപോകാനാകില്ലെന്നും മറ്റൊരു വാഹനം ഏർപ്പെടുത്തണമെന്നായിരുന്നു പ്രഹ്ളാദിന്റെ നിലപാട്.
സുരക്ഷാ ജീവനക്കാർ ഒപ്പം സഞ്ചരിക്കണമെന്നതാണ് നിയമമെന്ന് പൊലീസ് ചൂണ്ടികാട്ടിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സുരക്ഷാ ജീവനക്കാരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹത്തെ കാണിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം സമ്മതിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ തന്റെ വാഹനത്തിൽ കൊണ്ടുപോകാൻ തയ്യാറാവുകയും ചെയ്തതായി പൊലീസ് കമ്മിഷണർ പറഞ്ഞു.