കോഴിക്കോട്∙ കാമുകനൊപ്പം ഒളിച്ചോടിയ യുവതി മകനെ ക്രൂരമായി പൊള്ളിച്ചെന്നു പരാതി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്ത് എത്തി. കോയമ്പത്തൂരിൽ നിന്നും ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ സുലൈഖയേയും കാമുകൻ അൽത്താഫിനേയും നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബൈക്കിൽനിന്നു വീണതാണെന്നാണു യുവാവു നൽകിയ വിശദീകരണം. കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലും പൊള്ളിയ പാടുകളുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
ഏറക്കാലമായി ഇവർ ഭർത്താവ് സുബൈർ അലിക്കൊപ്പം കോയമ്പത്തൂരിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ 27-ാം തിയതി മുതലാണ് ഇവരെ കാണാതായത്. ഇത് സംബന്ധിച്ച് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനിടെ സുബൈർ അലിയും ബന്ധുക്കളും പി.എം കുട്ടിറോഡിലുള്ള വീട്ടിൽ വച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സുബൈർ അലിയാണ് വിവരം പൊലീസിൽ അറിയിച്ചത്.