തൃശൂർ: തലസ്ഥാനത്തെ കെ.പി.സി.സി യോഗത്തിൽ പറഞ്ഞത് ഇരുട്ടിവെളുക്കും മുമ്പേ ടി.എൻ. പ്രതാപൻ അപ്പടി വിഴുങ്ങി!
തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മത്സരിച്ചത് തിരിച്ചടിയായെന്നും, ജയിക്കുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും താൻ പറഞ്ഞതായുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡി.സി.സി പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.എൻ. പ്രതാപൻ പറഞ്ഞു.
മണ്ഡലത്തിൽ യു.ഡി.എഫ് 25,000- ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടുമെങ്കിലും മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താകും. എല്ലാ മതവിഭാഗങ്ങളുടെയും വോട്ട് തനിക്കു ലഭിച്ചു. തൃശൂർ ഉൾപ്പെടെ ജില്ലയിലെ മൂന്നു സീറ്റും യു.ഡി.എഫ് നേടുമെന്നും പ്രതാപൻ ഇന്നലെ മാദ്ധ്യമങ്ങളോടു പറഞ്ഞു.
തിരുവനന്തപുരത്തു നടന്ന കെ.പി.സി.സി യോഗത്തിൽ തൃശൂരിൽ ഹിന്ദു വോട്ടുകൾ സുരേഷ് ഗോപിക്കു ലഭിച്ചെന്നും രാഹുൽ ഗാന്ധി വന്നതിന്റെ ഇര താനാണെന്നും പ്രതാപൻ പറഞ്ഞതായി വാർത്തയുണ്ടായിരുന്നു. എന്നാൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റും മുൻ എം.എൽ.എയുമായ പ്രതാപൻ ഇത്തരത്തിൽ പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ മുതിർന്ന നേതാവ് പ്രതികരിച്ചിരുന്നു. പ്രതാപന്റെ
പ്രസ്‌താവന ഒരു മതവിഭാഗത്തെ മുഴുവൻ തള്ളിപ്പറയുന്ന തരത്തിലും, അനുകൂലിച്ചവരെപ്പോലും അപമാനിക്കുന്നതു പോലെയുമാണെന്നും അദ്ദേഹം വിമർശിച്ചു. ഇതേത്തുടർന്നാണ് പ്രതാപൻ, താൻ നേരത്തേ പറഞ്ഞത് വിഴുങ്ങിയതെന്നാണ് കരുതുന്നത്.