തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികൾ മൊഴി നൽകി. ഭർത്താവ് ചന്ദ്രൻ, ഭർതൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭർത്താവ് കാശിനാഥൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നിൽ തന്റെ അമ്മയാണെന്ന് ഭർത്താവ് ചന്ദ്രൻ വ്യക്തമാക്കി. അവരുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും ചന്ദ്രൻ പറഞ്ഞു. ഗൾഫിൽനിന്ന് താൻ നാട്ടിൽ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രൻ പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ആത്മഹത്യയ്ക്ക് കാരണമായി സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങൾ എന്നീ കാരണങ്ങൾ കാണിച്ച് എഴുതിയ വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്നും ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ് കണ്ടെത്തിയത്.
നെയ്യാറ്റിൻകര കാനറാ ബാങ്ക് ശാഖയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വർഷം മുൻപ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായിട്ടുണ്ട്. ഇവരുടെ ഭർത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറഞ്ഞത്.