ന്യൂഡൽഹി : 2017 നവംബർ ഡിസംബർ മാസങ്ങളിൽ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുളള 'താണവൻ' പ്രയോഗവുമായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ മണിശങ്കർ അയ്യർ രംഗത്തെത്തുന്നത്. മോദി താണ നിലയിലുളള ആളാണെന്നും അദ്ദേഹത്തിന് സംസ്‌ക്കാരമില്ലെന്നുമായിരുന്നു അയ്യരുടെ വാക്കുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രയോഗിക്കാൻ ഒരായുധത്തിനായി കാത്തിരുന്ന ബി.ജെ.പി. അവസരം പാഴാക്കിയില്ല.
അയ്യർ പിന്നാക്കക്കാരനായ പ്രധാനമന്ത്രി മോദിയുടെ ജാതി ലക്ഷ്യമാക്കിയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയതെന്ന് ബി.ജെ.പി. ആരോപണം ഉയർത്തി. ആരോപണത്തെ വേണ്ടവിധം പ്രതിരോധിക്കാനാവാതെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ അയ്യരെ താൽക്കാലികമായി പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ തന്നെ അയ്യരെ പാർട്ടി തിരിച്ചെടുത്തു.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ തന്റെ പഴയ വാക്കുകൾ പൊടിതട്ടി എടുക്കുകയാണ് അയ്യർ. 2017ലെ തന്റെ 'താണവൻ(നീച്ച്)' പരാമർശം പ്രവചന സ്വഭാവമുളളതായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മണിശങ്കർ അയ്യർ പുതിയ വിവാദത്തിന് കോപ്പ് കൂട്ടുന്നത്. 'റൈസിംഗ് കാശ്മീർ' എന്ന പ്രസിദ്ധീകരണത്തിലും, 'ദ പ്രിന്റ്' വാർത്താ വെബ്‌സൈറ്റിലും വന്ന ലേഖനത്തിലാണ് അയ്യർ ഇക്കാര്യം പറയുന്നത്. മുൻപത്തെ പോലെ തന്നെ ഇത്തവണയും അയ്യരുടെ പ്രസ്താവനയിൽ അഭിപ്രായം പയേണ്ടതില്ല എന്ന നിലപാടിലാണ് കോൺഗ്രസ്.
ഇത് മൂന്നാം തവണയാണ് അയ്യരുടെ വാക്കുകൾ കോൺഗ്രസിനെ കുഴപ്പത്തിലാക്കുന്നത്. 2014ൽ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപ്, മോദി ചെറുപ്പത്തിൽ ചായ വിറ്റ കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയാണ് കോൺഗ്രസിനെ ആദ്യം കുഴിയിൽ ചാടിക്കുന്നത്. 'ചായ വിറ്റ മോദിയെ' എ.ഐ.സി.സി. ആസ്ഥാനത്ത് ചായ വിൽക്കാൻ ക്ഷണിക്കുകയാണ് അന്ന് അയ്യർ ചെയ്തത്.
എന്നാൽ അയ്യരുടെ പ്രസ്താവനയെ തങ്ങൾക്ക് അനുകൂലമായാണ് മോദിയും ബി.ജെ.പിയും ഉപയോഗിച്ചത്. 'അവരെന്നെ താണവൻ എന്ന് വിളിച്ചോട്ടെ. ഞാൻ രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾക്കിടയിൽ നിന്നുമാണ് വരുന്നത്. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കും. ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുക. അവർ(കോൺഗ്രസ്) അവരുടെഭാഷയിൽ സംസാരിക്കട്ടെ. ഞാൻ എന്റെ ജോലി തുടരും.' മോദിയുടെ വാക്കുകൾ.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉണ്ടായ ഈ സംഭവം ചില്ലറ പ്രശ്ങ്ങളൊന്നുമല്ല കോൺഗ്രസിന് സൃഷ്ടിച്ചത്. ചായ വിറ്റ് ഉപജീവനം നടത്തിയ തന്റെ ചെറുപ്പകാലത്തെ മുറുക്കെ പിടിച്ചുകൊണ്ട് മോദി നടത്തിയ 'ചായ് പെ ചർച്ച' പ്രചാരണത്തിൽ കോൺഗ്രസിന് അടിതെറ്റി. അങ്ങനെ മോദിയെ അധികാരത്തിലെത്തിക്കാൻ അയ്യരുടെ 'ചായ' പരാമർശം കൊണ്ടുണ്ടായ 'ചായ് പെ ചർച്ച'യും കാരണമായി.
ഇപ്പോൾ 2019ലെ പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലും മണിശങ്കർ അയ്യരുടെ വാക്കുകൾ കോൺഗ്രസിനെ വേട്ടയാടുകയാണ്. ഒട്ടും അമാന്തിക്കാതെ മുൻപത്തെ പോലെ തങ്ങൾക്ക് ലഭിച്ച അവസരം വീണ്ടും ഉപയോഗിക്കുകയാണ് ബി.ജെ.പി. ഇത്തരത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അപമാനിക്കപ്പെട്ടിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മണിശങ്കർ അയ്യരുടെ വാക്കുകളോട് പ്രതികരിച്ചത്.
പാകിസ്ഥാന്റെ ഉറ്റ ചങ്ങാതിയാണ് മണിശങ്കർ അയ്യരെന്നും ദേശദ്രോഹി എന്ന വിളി അർഹിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ബി.ജെ.പി. വക്താവ് നരസിംഹ റാവുവും പ്രതികരിച്ചു. 'മുൻപ് പ്രസ്താവന വിവാദമായപ്പോൾ ഹിന്ദി അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്നാണ് അയ്യർ പറഞ്ഞത്. എന്നാൽ ഇപ്പോൾ അതേ പ്രസ്താവന അവർത്തിക്കുന്നതിലൂടെ കോൺഗ്രസിന്റെ ഇരട്ടതാപ്പ് പുറത്തുവരികയാണ്.' റാവു പറഞ്ഞു