തിരുവനന്തപുരം: അന്തരിച്ച കേരളാ കോൺഗ്രസ് നേതാവായ കെ. എം മാണിയുടെ അനുസ്മരണ ചടങ്ങിൽ പാർട്ടി ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. കേരള കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവിട്ടത്. ചെയർമാൻ സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം.
ചെയർമാൻ സ്ഥാനത്തേക്ക് കെ.എം മാണിയുടെ മകനും വെെസ് പ്രസിഡന്റുമായ ജോസ് കെ. മാണിയെ തിരഞ്ഞെടുക്കാനാണ് മാണി വിഭാഗത്തിന്റെ ശ്രമം. എന്നാൽ ചെയർമാൻ സ്ഥാനം തനിക്ക് വേണമെന്നാണ് വർക്കിംഗ് ചെയർമാനായ പി.ജെ.ജോസഫിന്റെ നിലപാട്. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത് വരെ പി.ജെ ജോസഫ് ആണ് കേരള കോൺഗ്രസിന്റെ താൽക്കാലിക ചെയർമാൻ.
സി.എഫ് തോമസിനെ പാർലമെന്ററി പാർട്ടി നേതാവാക്കണമെന്നും മാണി വിഭാഗം നേതാക്കൾ പാർട്ടിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടക്കുന്ന മാണി അനുസ്മരണ ചടങ്ങിൽ ജോസ് കെ. മാണിയും പി.ജെ ജോസഫും പങ്കെടുക്കുന്നുണ്ട്.