ജജ്ജാർ : ഹരിയാനയിലെ ജജ്ജാറിൽ കോൺഗ്രസിന് വോട്ട് ചെയ്തതിന്റെ പേരിൽ അടുത്ത ബന്ധുവിനെ യുവാവ് വെടിവച്ചു. ബി.ജെ.പിയുടെ പ്രാദേശിക നേതാവായ ധർമേന്ദർ സിലാനിയാണ് പിതൃസഹോദരീ പുത്രനായ രാജസിംഗിനെ വെടിവച്ചത്.
വോട്ടെടുപ്പ് ദിവസമായ ഞായറാഴ്ച ധർമേന്ദറും രാജയും തമ്മിൽ വഴക്കിട്ടിരുന്നു. രാജയോടും കുടുംബത്തോടും ബി.ജെ.പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ധർമേന്ദർ ആവശ്യപ്പെട്ടിരുന്നു. രാജ അത് വകവയ്ക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഇതറിഞ്ഞ് പ്രകോപിതനായ ധർമേന്ദർ തിങ്കളാഴ്ച രാവിലെ രാജയ്ക്കു നേരെ മൂന്നു തവണ വെടിയുതിർക്കുകയായിരുന്നു. രാജയുടെ വയറിനും കാലിനുമാണ് വെടിയേറ്റത്. പരിക്കേറ്റ രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതിട്ടുണ്ട്. സംഘർഷത്തിൽ രാജയുടെ അമ്മ ഫൂൽമതിക്കും പരിക്കേറ്റു. രാജയുടെ പരാതിയിൽ ധർമേന്ദറിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് ധർമേന്ദർ വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഹരിയാനയിലെ വോട്ടെടുപ്പിനെ തുടർന്ന് ജജ്ജാറിലെ സൈലാന ഗ്രാമത്തിൽ ബി.ജെ.പി-കോൺഗ്രസ് അനുഭാവികൾ തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഒരേ കുടുംബത്തിൽപ്പെട്ടവർതന്നെ ഇരു പക്ഷത്തും അണിനിരന്ന് പരസ്പരം ഏറ്റുമുട്ടി. ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദരൻമാർ തമ്മിലും ഏറ്റുമുട്ടിയത്.