ന്യൂഡൽഹി : വെടിക്കോപ്പുകൾക്ക് നിലവാരമില്ലാത്തതിനാൽ അപകടം പതിവാകുന്നുവെന്ന് കരസേന. പൊതുമേഖലാ ആയുധ നിർമാണസ്ഥാപനമായ ഓർഡനൻസ് ഫാക്ടറി ബോർഡ് (ഒ.എഫ്.ബി) നൽകുന്ന വെടിക്കോപ്പുകൾക്ക് നിലവാരമില്ലെന്നും വിഷയത്തിൽ പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും കരസേന അധികൃതർ പ്രതിരോധ നിർമാണവിഭാഗം സെക്രട്ടറി അജയ് കുമാറിന് കത്തു നൽകി.
നിലവാരമില്ലാത്ത വെടിക്കോപ്പുകൾ കാരണം ഏതാനും വർഷങ്ങളായി ടാങ്കുകൾ, പീരങ്കികൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ അപകടമുണ്ടാകുന്നത് പതിവാണ്. ഇത്തരം അപകടങ്ങളുടെ വിവരങ്ങൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അർജുൻ ടാങ്ക്, വിവിധതരം പീരങ്കികൾ, വ്യോമ പ്രതിരോധ തോക്കുകൾ തുടങ്ങിയവയ്ക്കു നാശനഷ്ടമുണ്ടായെന്നും സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയം പരിശോധിച്ച മന്ത്രാലയം വെടിക്കോപ്പുകളുടെ നിലവാരം ഒ.എഫ്.ബി ഉയർത്തുന്നില്ലെന്ന് കണ്ടെത്തിയെന്നാണ് വിവരം.
അതേസമയം, കരസേനയുടെ ആരോപണം ഒ.എഫ്.ബി തള്ളി. വെടിക്കോപ്പുകൾ സമഗ്രമായി പരിശോധിച്ചശേഷമാണ് സേനയ്ക്കു കൈമാറുന്നതെന്ന് അവർ പറഞ്ഞു. പ്രതിരോധമന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഒഫ് ക്വാളിറ്റി അഷ്വറൻസിന്റെ നിലവാര പരിശോധന വിഭാഗമാണ് പരിശോധന നടത്തുന്നത്. വെടിക്കോപ്പുകൾ കൈകാര്യം ചെയ്യുന്നരീതിയും സൂക്ഷിക്കുന്നവിധവും അപകടമുണ്ടാക്കാൻ ഇടയാക്കുമെന്ന് അവർ വ്യക്തമാക്കി.
അമേരിക്കയിൽനിന്ന് കരസേന ഇറക്കുമതി ചെയ്ത ദീർഘദൂര പീരങ്കിയായ എം 777 പൊഖ്രാനിൽ 2017 സെപ്റ്റംബറിൽ പരീക്ഷണം നടത്തുമ്പോൾ കേടായിരുന്നു. അതിലുപയോഗിച്ച ഷെൽ പൊട്ടിത്തെറിച്ചതാണ് പീരങ്കി ഉപയോഗശൂന്യമാകാൻ കാരണമെന്നായിരുന്നു സേനയും അമേരിക്കയും നൽകിയ വിശദീകരണം. പ്രവർത്തനം തൃപ്തികരമല്ലെന്നുകണ്ട് ഒ.എഫ്.ബിയിലെ 13 മുതിർന്ന ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയം പിരിച്ചുവിട്ടിരുന്നു.