മൗ: ബലാത്സംഗ കേസിൽ കുറ്റാരോപിതനായി ഒളിവിൽ പോയ ബി.എസ്.പി സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടഭ്യർത്ഥിച്ച് പാർട്ടി അദ്ധ്യക്ഷ മായാവതിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും. ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള ഖോഷി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി അതുൽ റായിക്ക് വേണ്ടിയാണ് ഇരുവരും വോട്ടഭ്യർത്ഥിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി റായ് ഒളിവിലാണ്. കേസിൽ പ്രതിയാക്കപ്പെട്ട ശേഷമാണ് റായ് ഒളിവിൽ പോകുന്നത്.
മേയ് ഒന്നിനാണ് അതുൽ റായിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് എടുക്കുന്നത്. അതിന് ശേഷം റായുടെ അനുയായികളാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നയിക്കുന്നത്. റായ് നിരപരാധിയാണെന്നും, അദ്ദേഹത്തെ പോലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നുമാണ് ഇവർ വോട്ടർമാരോട് പറയുന്നത്.
റായിയെ അപമാനിക്കാനും ജനസമ്മിതി ഇല്ലാതാക്കാനുമുള്ള ബി.ജെ.പിയുടെ ഗൂഢലോചനയുടെ ഫലമായാണ് അദ്ദേഹം കേസിൽ കുടുങ്ങിയതെന്നാണ് അഖിലേഷ് യാദവും മായാവതിയും ജനങ്ങളോട് ആവർത്തിക്കുന്നത്. മൗവിൽ വെച്ച് നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ ഇരുവരും റായുടെ അനുയായികളോട് റായ്ക്കുവേണ്ടിയുള്ള പ്രചാരണം തുടരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. റായിക്കെതിരെയുള്ള ഗൂഢാലോചനയെ തടഞ്ഞ് അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇരുവരും വ്യക്തമാക്കി.
വാരണാസിയിലെ ഒരു കോളേജിലെ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായിക്കെതിരെ പോലീസ് കേസ് എടുത്തത്. അതേസമയം, റായ് മലേഷ്യയിലേക്ക് രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് 23വരെയെങ്കിലും റായിയെ അറസ്റ്റ് ചെയ്യുന്നത് തടയാൻ അദ്ദേഹത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചതായും വിവരമുണ്ട്.
എന്നാൽ കേസിന്റെ വിസ്താരം മേയ് 17നാകും നടക്കുക. റായിയുടെ വിജയസാദ്ധ്യത ഇല്ലാതാക്കാൻ കരുതിക്കൂട്ടി റായിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. മേയ് 19നാണ് ഉത്തർ പ്രദേശിൽ ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുക. മേയ് 23നാണ് വോട്ടെണ്ണൽ.