തൃശൂർ: കാക്കി അണിഞ്ഞ ചന്ദ്രികയ്ക്ക് അമ്മ മല്ലി ഒരു സമ്മാനം നൽകി, കവിളിലൊരു കണ്ണീർമുത്തം. മകൾ അണിഞ്ഞ പൊലീസ് യൂണിഫോമിന്, നഷ്ടപ്പെട്ട സഹോദരന്റെ ജീവന്റെ വിലയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ ജീവൻ പൊലിഞ്ഞ മുക്കാലി കടുകുമണ്ണ ആദിവാസി ഊരിലെ മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നലെ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കി കേരള പൊലീസിന്റെ ഭാഗമായി.
ഇതൊന്നും കാണാൻ മകനില്ലല്ലോ എന്ന സങ്കടം ആ അമ്മയുടെ ഉള്ളിൽ നിറഞ്ഞുനിന്നു- ''എന്താ പറയേണ്ടത് എന്നറിയില്ല..സന്തോഷം മാത്രം. വലിയ സന്തോഷം..എല്ലാം കാണാൻ അവൻ ഇല്ലാത്തത് മാത്രം സഹിക്കാനാവുന്നില്ല...'' മല്ലി വിതുമ്പി.
രാമവർമ്മപുരം പൊലീസ് അക്കാഡമിയിലെ പരേഡ് ഗ്രൗണ്ടിൽ മാർച്ച് ചെയ്ത് ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്കു മുന്നിലെത്തി അഭിവാദ്യമർപ്പിച്ച് കടന്നുപോയ നിമിഷത്തിലും ചന്ദ്രികയുടെ മനസിൽ മധുവിന്റെ ഓർമ്മകൾ നിറഞ്ഞുനിന്നു. 2018 ഫെബ്രുവരി 23ന് അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ മധുവിന്റെ തണുത്തു വിറങ്ങലിച്ച ശരീരം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ കഴിയാതെ കിടക്കുമ്പോൾ കണ്ട അതേ നിശ്ചയദാർഢ്യം ഇന്നലെയും കാണാമായിരുന്നു.
ആദിവാസി മേഖലയിൽ നിന്നു പ്രത്യേക നിയമനം വഴി കേരള പൊലീസ് സേനയുടെ ഭാഗമായ 74 പൊലീസ് കോൺസ്റ്റബിൾമാരിൽ ഒരാളാണ് മധുവിന്റെ സഹോദരി ചന്ദ്രിക. അട്ടപ്പാടിയിലെ മധുവിന്റെ ഊരിന്റെ മുഴുവൻ പ്രാർത്ഥനയും ആശീർവാദങ്ങളും ഏറ്റുവാങ്ങിയാണ് ഇന്നലെ രാവിലെ ചന്ദ്രിക പരേഡിനുള്ള ബൂട്ട് കെട്ടിയത്. പിഴവില്ലാതെ പരേഡ് പൂർത്തിയാക്കി.
നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നേരത്തേ ചന്ദ്രിക ഏറ്റുവാങ്ങിയിരുന്നു. അന്ന് മാദ്ധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ ചന്ദ്രികയായിരുന്നില്ല ഇന്നലെ പരേഡ് ഗ്രൗണ്ടിൽ. കഠിനമായ പരിശീലനങ്ങളെക്കാൾ കഠിനവും ക്രൂരവുമായ ജീവിതാനുഭവങ്ങൾ കടന്നെത്തിയ ചന്ദ്രികയുടെ മുഖത്ത് ആരുടെ മുന്നിലും തലകുനിക്കില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു.
സന്തോഷം പങ്കിടാൻ ഊരാകെ
പാസിംഗ് ഔട്ട് പരേഡിന്റെ സന്തോഷം പങ്കിടാൻ ചന്ദ്രികയുടെ ഊരിലെ നിരവധി പേർ ഇന്നലെ രാവിലെ ആറുമണിയോടെ രാമവർമ്മപുരത്തെത്തിയിരുന്നു. അട്ടപ്പാടി അഗളിയിൽ നിന്ന് പുലർച്ചെ രണ്ടു ട്രാവലറുകളിലായാണ് അമ്മയും അമ്മാവൻമാരും ചെറിയച്ഛൻമാരും അവരുടെ കുടുംബാംഗങ്ങളും ഊരിലെ മറ്റുള്ളവരും തൃശൂരിലേക്ക് പുറപ്പെട്ടത്. രാവിലെ ചന്ദ്രികയെ കാണാൻ കഴിഞ്ഞില്ല. പിന്നീട് പരേഡ് ഗ്രൗണ്ടിൽ സേനാംഗങ്ങൾ പാസിംഗ് ഔട്ടിനായി അണിനിരന്നപ്പോഴാണ് പൊലീസ് യൂണിഫോമിൽ ചന്ദ്രികയെ അവർ കണ്ടത്. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞെന്ന് അമ്മ മല്ലിയും മറ്റുള്ളവരും പറഞ്ഞു. അഗളിയിൽ ക്ഷേത്രത്തിൽ പോയി മകൾക്ക് നല്ലതുവരാൻ പ്രാർത്ഥനകളും പൂജകളും വഴിപാടുമൊക്കെ കഴിപ്പിച്ചാണ് ചന്ദ്രികയുടെ അമ്മ തൃശൂരിലേക്ക് വണ്ടികയറിയത്.