ന്യൂഡൽഹി: കൽക്കത്തയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ തിരഞ്ഞെടുപ്പു റാലിക്കിടയിൽ തൃണമൂൽ കോൺഗ്രസ്- ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മമതാ ബാനർജിക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി. പശ്ചിമബംഗാളിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് മമതയെ വിലക്കണമെന്നാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഭരണഘടനാസംവിധാനം തകർന്നിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കളായ നിർമല സീതാരാമൻ, വിജയ് ഗോയൽ, ഹർഷ വർദ്ധൻ എന്നിവരുടെ നേതൃത്വത്തിൽ നിശബ്ദ സമരം നടത്തി. 'ബംഗാളിനെയും ജനാധിപത്യത്തെയും രക്ഷിക്കൂ"എന്നായിരുന്നു മുദ്രാവാക്യം.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്ക് തൃണമൂൽ കോൺഗ്രസ് അനുവാദം തേടിയിട്ടുണ്ട്.
മമതയ്ക്കെതിരേ മോദി
പശ്ചിമബംഗാളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ മമതാ സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിനെക്കാൾ സമാധാനപരമാണെന്ന് ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞു.
'കാശ്മീരിലെ പ
ഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിംഗ് ബൂത്തിൽനിന്നും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ നിരവധിയാളുകളാണ് ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലപ്പെട്ടത്. വിജയികളുടെ വീടുകൾ അഗ്നിക്കിരയാക്കി. ജാർഖണ്ഡിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പലായനം ചെയ്യാൻ അവർ നിർബന്ധിതരായി. അവർ ആകെ ചെയ്ത തെറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നതായിരുന്നു'- മോദി പറഞ്ഞു.
ബംഗാളിലെ അക്രമത്തെ കുറിച്ച് ജനാധിപത്യവിശ്വാസികളും നിഷ്പക്ഷരായിരുന്നവരും നിശബ്ദത പുലർത്തുന്നുവെന്നത് ഏറെ ഉത്കണ്ഠയുണ്ടാക്കുന്നെന്നും മോദി പറഞ്ഞു. എന്നോടുള്ള വെറുപ്പിന്റെ പേരിൽ അവർ മറ്റെല്ലാം ക്ഷമിക്കുകയാണ്. ഈ നടപടി രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കും- മോദി കൂട്ടിച്ചേർത്തു.