ജിദ്ദ : സൗദിഅറേബ്യയിൽ ആദ്യമായി സ്വദേശി സ്പോൺസറില്ലാതെ വിദേശികൾക്ക് തൊഴിലെടുക്കാനും താമസിക്കാനും സൗകര്യമൊരുക്കുന്ന പുതിയ പ്രിവിലേജ്ഡ് ഇഖാമ പദ്ധതി സൗദി മന്ത്രി സഭ അംഗീകരിച്ചു. വിദേശത്തെ ഗ്രീൻകാർഡിന് തുല്യമാണ് പ്രിവലേജ്ഡ് ഇഖാമ പദ്ധതി.
പ്രത്യേക ഫീസടച്ചാൽ യോഗ്യതയുള്ള അപേക്ഷർക്ക് സൗദിയിൽ ജോലിയെടുക്കാനും ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും സ്വത്ത് സമ്പാദിക്കാനും
സ്പോൺസറുടെ അനുമതിയില്ലാതെ യഥേഷ്ടം രാജ്യത്തുനിന്ന് പോയിവരാനും കഴിയും.
ഇതിന്റെ നിയമാവലി മൂന്ന് മാസത്തിനകം നടപ്പാക്കും. പുതിയ ഇഖാമ സെന്ററും സ്ഥാപിക്കും. പുതിയ ഇഖാമയുടെ ഫീസടക്കമുള്ള കാര്യങ്ങൾ ഈ കേന്ദ്രം തീരുമാനിക്കും. ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പദ്ധതി അംഗീകരിച്ചത്.
പ്രിവിലേജ് ഇഖാമ
യൂറോപ്യൻ രാജ്യങ്ങളിലുള്ള ഗ്രീൻ കാർഡിന് സമാനമായിരിക്കും
ഉന്നത യോഗ്യതയുള്ള, നൈപുണ്യമുള്ളവരും ഉയർന്ന നിക്ഷേപമിറക്കാൻ യോഗ്യതയുമുള്ള വിദേശികൾക്കായിരിക്കും പ്രിവിലേജ്ഡ് ഇഖാമ ലഭിക്കുക
നിലവിലുള്ള ഇഖാമയും പ്രിവിലേജ്‌ഡ് ഇഖാമയും തമ്മിലുള്ള പ്രധാന വ്യതൃാസം വിദേശികൾക്ക് സൗദി സ്‌പോൺസറുടെ ആവശ്യമില്ല എന്നതാണ്.
ഖഫീലുമാർ എന്നറിയപ്പെടുന്ന സ്വദേശി പൗരൻമാരായ സ്‌പോൺസർമാരില്ലാതെ യോഗ്യതയുള്ള വിദേശികൾക്ക് സൗദിയിൽ ജീവിക്കുകയും തൊഴിലടുക്കുകയും ചെയ്യാം.
ഇഖാമ നൽകുന്നതിനുള്ള നിബന്ധനകൾ, അപേക്ഷകന്റെ സാമ്പത്തിക നില, എത്ര ഫീസ് ഈടാക്കണം തുടങ്ങിയ കാര്യങ്ങൾ പുതിയ കേന്ദ്രം തീരുമാനിക്കും.
സൗദിയുടെ സമ്പദ്ഘടനയ്ക്ക് മുതൽക്കൂട്ടാകുംവിധം ധാരാളം വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കഴിയും