neyyattinkara-suicide

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ് ദേവരാജൻ രംഗത്ത്. ചന്ദ്രന്റെ വീട്ടിൽ മന്ത്രവാദം നടന്നുവെന്ന് ദേവരാദൻപറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വസ്തു വിൽക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ പൂജ നടന്നെന്നും ഇതിന് ലേഖ എതിരാണെന്നും ദേവരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഭാര്യയും മകളും ആത്മഹത്യ ചെയ്‌തസംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവ് ചന്ദ്രൻ പൊലീസിന് മൊഴി നൽകി. ഭാര്യയും തന്റെ അമ്മ കൃഷ്‌ണമ്മയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും, താൻ ഗൾഫിൽ നിന്ന് വന്നിട്ട് ആറുമാസമേ ആയിട്ടുള്ളുവെന്ന് ചന്ദ്രൻ പ്രതികരിച്ചു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്‌തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാർ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടിൽ വന്നിരുന്നു. എന്നാൽ ദുർമന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താൻ ചെ‌യ്‌തിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയാണ് ബാങ്ക് ജപ്‌തിയെ തുടർന്ന് നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ചന്ദ്രൻ രുദ്രന്റെ ഭാര്യ ലേഖ (41), മകൾ വൈഷ്ണവി (19) എന്നിവർ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. അഞ്ച് ലക്ഷം രൂപ ഭവനവായ്പയെടുത്ത് എട്ട് ലക്ഷം തിരിച്ചടച്ചിട്ടും 6.8 ലക്ഷം കൂടി അടയ്ക്കണമെന്ന ബാങ്കുകാരുടെ നിരന്തര സമ്മർദ്ദവും ജപ്തി നോട്ടീസും താങ്ങാനാവാതെയാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ പിന്നീട് മരണപ്പെട്ട ലേഖയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുകയായിരുന്നു.

ഇതിൽ തന്റെയും മകളുടെയും മരണത്തിന് കാരണം ഭർത്താവ് ചന്ദ്രനും അമ്മയുമാണെന്ന് ലേഖ പറയുന്നുണ്ട്. ആത്മഹത്യ ചെയ്ത മുറിയിലെ ചുമരിൽ നിന്നാണ് പൊലീസ് കുറിപ്പ് കണ്ടെത്തിയത്. തന്റെയും മകളുടെയും മരണത്തിനു കാരണം കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രൻ എന്നിവരാണെന്നാണ് ലേഖയുടെ കുറിപ്പിലുള്ളത്. ഇതിൽ ചന്ദ്രൻ ഭർത്താവും കൃഷ്ണമ്മ ഭർത്തൃമാതാവുമാണ്. ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായി ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും, വസ്തു വിൽക്കാൻ കൃഷ്ണമ്മ അനുവദിച്ചില്ലെന്നും പറയുന്നു. ശാന്ത, കാശി എന്നിവർ കൃഷ്ണമ്മയുടെ സഹോദരിയും ഭർത്താവുമാണ്. പുരയിടത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നുണ്ട്. ജപ്തിയൊക്കെ ദൈവങ്ങൾ നോക്കിക്കൊള്ളുമെന്നും കൃഷ്ണമ്മ പറഞ്ഞിരുന്നെന്ന് കുറിപ്പിലുണ്ട്. കല്യാണം കഴിഞ്ഞനാൾ മുതൽ തന്നെ ചന്ദ്രൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ഒരു സ്വസ്ഥതയും തന്നിരുന്നില്ലെന്നും ലേഖയുടെ കുറിപ്പിലുണ്ട്.