manoj

മാനന്തവാടി. സബ് ഇൻസ്‌പെക്ടർ മർദ്ദനത്തിൽ സി.ഐ.ടി.യു.നേതാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി ആരോപണം ഉയർന്നു. കണ്ണൂർ കേളകം സ്വദേശിയും ടിപ്പർ ഡ്രൈവറുമായ വള്ളോങ്കോട്ടയിൽ മനോജിനെ (48) നെയാണ് തലപ്പുഴ എസ്.ഐ.ജിമ്മി ജെയിംസ് മർദിച്ചത്. ഇടത് കണ്ണ് തുറക്കാൻ പറ്റാതായി. ഉൾകണ്ണിന് ചതവ് പറ്റിയതായും കാഴ്ച കുറവുള്ളതായും രക്തം കട്ടപിടിച്ചതായും മാനന്തവാടി ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിട്ടു.
മനോജ് ഓടിച്ച ടിപ്പർ കണ്ണൂർ സ്വദേശിയായ ഷൈജിൻ (23) ഓടിച്ച ബൈക്ക് ഇടിച്ച് തെറിപ്പിച്ചു നിർത്താതെ പോയി എന്ന ഷൈജന്റെ പരാതിയിൽ മനോജിനെ തലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ബൈക്കിനുണ്ടായ കേട് പാടുകൾക്ക് ചെലവാകുന്ന പണം നൽകണമെന്ന് പൊലീസ് നിർദ്ദേശിച്ചു.തന്റെ ടിപ്പർ ബൈക്കിൽ ഇടിച്ചിട്ടില്ലെന്നും പണം നൽകാനാവില്ലെന്നും മനോജ് പറഞ്ഞു.തുടർന്ന് എസ്. ഐ മർദ്ദിച്ചെന്നാണ് പരാതി. രാത്രി സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.