ഛെ, മോശം മോശം... എങ്കിലും മമതയെക്കുറിച്ച് മോദി അങ്ങനെ പറയരുതായിരുന്നു! രാഷ്‌ട്രീയ വേദികളിൽ പരസ്‌പരം കടിച്ചുകീറുന്ന നേതാക്കളാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രാഷ്‌ട്രീയത്തിനു പുറത്ത് അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. എന്നു മാത്രമല്ല, ഇടയ്‌ക്കിടെ മോദിജിക്ക് പുതുവസ്‌ത്രവും ബംഗാളി മധുരവുമൊക്കെ സമ്മാനിക്കുന്ന കൂട്ടുകാരി കൂടിയാണ് മമത.
എന്നിട്ടും മോദി അതൊന്നും ഓർത്തില്ല! അസഹിഷ്‌ണുത എന്നു പറഞ്ഞാൽ അത് മമതാ ദീദിയാണെന്നാണ് മോദിജി ഇന്നലെ ബംഗാളിലെ ബാസിർഹത്തിൽ പറഞ്ഞത്. ഇത്രയും ദേഷ്യം എന്തിനാണ്? ഈ ദേഷ്യമൊക്കെ കുറച്ച് കുറയ്‌ക്കാൻ ഞാൻ മമതയോട് അഭ്യർത്ഥിക്കുകയാണ്.- അദ്ദേഹം പ്രചാരണ വേദയിൽ പറഞ്ഞു.
അതു പിന്നെയും പോകട്ടെ; മമതയിലെ ചിത്രകാരിയെ പ്രകോപിപ്പിക്കുന്നതായിരുന്നു അടുത്ത പരാമർശം. "പെയിന്റിംഗുകൾ വരച്ച് അതിന് കോടികൾക്കു വിൽക്കുന്ന ചിത്രകാരിയല്ലേ നിങ്ങൾ? എന്റെ ഒരു വൃത്തികെട്ട ചിത്രം വരയ്‌ക്കൂ... എന്നിട്ട് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമ്പോൾ അത് എനിക്കു സമ്മാനിക്കൂ"
മമതാ ബാനർജി ചിത്രകാരിയാണെന്നത് ലോകം മുഴുവൻ അറിയാവുന്ന രഹസ്യമാണ്. വെറും ചിത്രകാരിയല്ല, പെയിന്റിംഗുകൾക്ക് കോടികൾ വിലയുള്ള ചിത്രകാരി! രണ്ടുമൂന്നു വർഷം മുമ്പ് ദീദി തന്നെ വെളിപ്പെടുത്തിയത്, പ്രദർശനങ്ങൾ വഴി തന്റെ മുന്നൂറോളം പെയിന്റിംഗുകൾ വിറ്റുപോയതു വഴി അക്കൗണ്ടിലെത്തിയത് 9 കോടി രൂപയാണെന്നാണ്. ഓരോന്നിനും ശരാശരി വില മൂന്നു ലക്ഷം രൂപ.
ആ വെളിപ്പെടുത്തൽ ദീദിയുടെ ആസ്വാദകർക്കൊപ്പം അന്ന് മറ്റു ചിലരുടെ കൂടി ശ്രദ്ധയാകർഷിച്ചു- സി.ബി.ഐയുടെ! മമതയുടെ പെയിന്റിംഗ് വിൽപ്പനയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ സി.ബി.ഐയുടെ നിർദ്ദേശവും വന്നു.
പെയിന്റിംഗുകൾ വാങ്ങിയ കോടീശ്വരന്മാരുടെ പട്ടികയിലെ ഒരു പേരിൽ സി.ബി.ഐയുടെ കണ്ണുടക്കി- സുദീപ്‌തോ സെൻ. ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പു കേസിൽ ജയിലിലായ മഹാൻ. ദീദിയുടെ ഒരു മാസ്‌റ്റർപീസ് രചന തട്ടിപ്പുകാരൻ വാങ്ങിയത് 1.8 കോടി രൂപയ്‌ക്ക്. ആ ദീദിയോടാണ് നരേന്ദ്രമോദി പറയുന്നത്, തന്റെയൊരു വൃത്തികെട്ട ചിത്രം വരയ്‌ക്കാൻ! എന്നിട്ട്, മേയ് 23 കഴിഞ്ഞ അതുമായി ഡൽഹിക്കു ചെല്ലാൻ!