bjp

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടം അവസാനിക്കുമ്പോൾ തന്നെ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രതിപക്ഷപാർട്ടികൾ നടത്തുന്ന യോഗത്തെയും അമിത് ഷാ പരിഹസിച്ചു. അവർക്ക് ഇനി യോഗം ചേർന്ന് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാമെന്ന് അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യം മുഴുവൻ സഞ്ചരിച്ചയാളാണ് ഞാൻ. ജനങ്ങളുടെ പ്രതികരണം തനിക്ക് വ്യക്തമായി അറിയാം. രാജ്യം ഭരിക്കുന്നതിനുള്ള കേവലഭൂരിപക്ഷം അഞ്ചും ആറും ഘട്ടങ്ങളിൽ തന്നെ ബി.ജെ.പി സ്വന്തമാക്കിയെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ഏഴാം ഘട്ട തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും ബി.ജെ.പി 300 സീറ്റ് കടക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ വീണ്ടും സർക്കാർ രൂപീകരിക്കും- അമിത് ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എൻ.ഡി.എയ്ക്കെതിരെ മൂന്നാം മുന്നണി രൂപീകരിക്കാൻ ചില പ്രാദേശിക പാർട്ടികൾ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള യോഗങ്ങളൊന്നും ബി.ജെ.പിയുടെ സീറ്റുകൾ കുറയ്ക്കാൻ കാരണമാവില്ലെന്ന് അമിത് ഷാ പറ‍ഞ്ഞു. മേയ് 19ന് നടക്കുന്ന ഏഴാംഘട്ടത്തോടെയാണ് ലോക്സഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്. 272 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. 2014ൽ ബി.ജെ.പി 282 സീറ്റുകൾ നേടിയാണ് അധികാരത്തിൽ എത്തിയത്.