ന്യൂഡൽഹി :ബംഗാളിൽ അരങ്ങേറുന്ന ആക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ആരോപിച്ചു. തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ച് വിട്ടപ്പോൾ ബംഗാൾ പൊലീസ് നോക്കി നിൽക്കുകയാണുണ്ടായത്. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം ആക്രമം നേരിടേണ്ടി വന്നിട്ടില്ലെന്നും ഷാ പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് ആക്രമം ഉണ്ടാകുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല. വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ പ്രവർത്തകരാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെട്ട് നിഷ്പക്ഷ ഇലക്‌ഷൻ ഉറപ്പ് വരുത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ നവോത്ഥാന നായകനായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള കോളജിലെ അദ്ദേഹത്തിന്റെ പ്രതിമ തകർക്കപ്പെട്ടിരുന്നു.
ബി.ജെ.പി ഗുണ്ടകളെ ഇറക്കി അക്രമം നടത്തുന്നു: മമത
കൊൽക്കത്ത: ബംഗാളിൽ സംഘർഷമുണ്ടാക്കാൻ അമിത് ഷാ രാജസ്ഥാൻ, യു.പി, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗുണ്ടകളെ ഇറക്കിയെന്ന് മമതാ ബാനർജി ആരോപിച്ചു. ഇക്കാര്യം ബംഗാളി ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എന്നാൽ ദേശീയമാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ലെന്നും മമത പറഞ്ഞു.
' എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അറിയണം. അമിത് ഷായുടെ റാലി അവസാനിച്ചതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ വിദ്യാസാഗർ കോളേജിന് തീ വച്ചു. ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തു. നക്സൽ കാലത്ത് പോലും കൊൽക്കത്ത ഇതുപോലുള്ള നാണക്കേടിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്നും മമത പറഞ്ഞു.