കൊൽക്കത്ത: ഒൻപത് ലോക്സഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ പരസ്യപ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ വെട്ടിക്കുറച്ചു. മണ്ഡലങ്ങളിൽ തുടർച്ചയായി നടക്കുന്ന അക്രമണ സംഭവങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ നടപടി. വെള്ളിയാഴ്ച വൈകീട്ട് ആറിന് അവസാനിക്കേണ്ട പരസ്യപ്രചാരണം വ്യാഴാഴ്ച (നാളെ) രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടത്. മേയ് 19നാണ് ഈ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡംഡം, ബരാസത്, ബസിറത്ത്, ജയ്‌നഗർ, മഥുപൂർ, ജാദവ്പൂർ, ഡയമണ്ട് ഹാർബർ, സൗത്ത് കൊൽക്കത്ത, നോർത്ത് കൊൽക്കത്ത എന്നീ മണ്ഡലങ്ങളിൽ വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ശേഷം പരസ്യപ്രചാരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആർട്ടിക്കിൾ 324 പ്രകാരമാണ് പരസ്യപ്രചാരണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഇന്നലെ നടന്ന അമിത് ഷായുടെ റാലിയിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തൃണമൂൽ-ബി.ജെ.പി വാക്‌പോര് മുറുകുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. അതേസമയം, പശ്ചിമ ബംഗാളിലെ ആഭ്യന്തര സെക്രട്ടറിയെ മാറ്റി. പകരം ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പൊലീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിലെയും മാറ്റിയിട്ടുണ്ട്.