neeleshwaram-school

മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിൽ വിദ്യാർത്ഥികളുടെ ഉത്തര കടലാസുകളിൽ അദ്ധ്യാപകൻ തിരിമറി നടത്തിയ സംഭവത്തിൽ കുറ്റക്കാരായി കണ്ടെത്തിയ അദ്ധ്യാപകരുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. ഈ അദ്ധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് മുക്കം പൊലീസ്കേസെടുത്തിട്ടുള്ളത്. വിദ്യാർത്ഥികളുടെ ഉത്തരകടലാസുകളിൽ തിരിമറി നടത്തിയ നീലെശ്വരം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും പരിക്ഷയുടെ അഡീഷനൽ ഡപ്പുട്ടി ചീഫുമായ നിഷാദ് വി മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പലും പരീക്ഷയുടെ ചീഫുമായ കെ റസിയ, ഡപ്യുട്ടി ചീഫും ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനുമായ പി.കെ.ഫൈസൽ എന്നിവർക്കെതിരെയാണ് കേസ്.ഇവർക്കെതിരെ ഹയർ സെക്കണ്ടറി വകുപ്പ് റീജിനൽ ഡപ്യുട്ടി ഡയരക്ടർ മുക്കം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് കോഴിക്കോട് റൂറല്‍ ജില്ല പോലീസ് സൂപ്രണ്ട് പി. യു.അബ്ദുള്‍ കരീം പറഞ്ഞു.വിദ്യാർത്ഥികൾക്കു പകരം അദ്ധ്യാപകന്‍ എഴുതിയ ഉത്തരകടലാസ് കസ്റ്റഡിയിലെടുക്കണം. തിരുവനന്തപുരത്ത് പരീക്ഷാ ഭവനിലാണ് ഉത്തരകടലാസുള്ളത്. മൂല്യനിര്‍ണയ ക്യാമ്പിൽ നിന്ന് പരീക്ഷാഭവനിലേക്ക് മാറ്റിയതാണിവ. ഉത്തരകടലാസ് കേസിലെ സുപ്രധാന തെളിവാണ്. ഇവ കസ്റ്റഡിയിലെടുക്കുന്നതിനു പിന്നാലെ കേസിലെ പ്രതികളായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.എന്നാൽ പ്രതികളായ അദ്ധ്യാപകര്‍ അറസ്റ്റിന് മുന്‍പ് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണന്നാണ് സൂചന. രണ്ടു വിദ്യാർത്ഥികളുടെ ഉത്തരകടലാസ് പൂർണ്ണമായും മാറ്റി എഴുതിയതാണ്.അതിനാൽ ഇവരുടെ ഉത്തരകലാസ് ഇല്ലാതെ മൂല്യനിർണയം നടത്താനോ മാർക്ക് നൽകാനോ പരീക്ഷഫലം പ്രസിദ്ധീകരിക്കാനൊസാധിക്കില്ല. ഇക്കാര്യം ബോദ്ധ്യമായ വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിദ്യാ. വകുപ്പധികാരികൾ നിർദ്ദേശിച്ച പ്രകാരം ജൂൺ 10ന് നടക്കുന്ന സേ പരീക്ഷയോടൊപ്പം വീണ്ടും പരിക്ഷ എഴുതാൻ തയ്യാറായിട്ടുണ്ട്.ചൊവ്വാഴ്ച സ്കൂളിൽ അന്വേഷണത്തിനെത്തിയ വകുപ്പധികാരികളോട് ഒരിക്കൽ എഴുതിയ പരിക്ഷ വീണ്ടും എഴുതാൻ തയ്യാറല്ലെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചിരുന്നത്.