rasool-pookutty

മുംബയ്: തൃശൂർ പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് സോണിക്ക് വിറ്റെന്ന ആരോപണത്തിൽ പ്രതികരിച്ച് റസൂൽ പൂക്കുട്ടി. പൂരത്തിന്റെ കോപ്പി റെെറ്റ് വിവാദങ്ങളെ കുറിച്ച് കേൾക്കുമ്പോൾ തനിക്ക് ദുഃഖം തോന്നുന്നുവെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതിമത വിഭാഗീയത ചിന്തകൾ കോർത്തിണക്കുന്ന ഒരു നോർത്ത് ഇന്ത്യൻ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടെന്ന് ഈ വിവാദം കാരണം തന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. പ്രബുദ്ധരായ മലയാളികൾ ഇതുപോലുള്ള ച‌ർച്ചകളിൽ നിന്ന് മാറിനിൽക്കണ്ടേത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

തൃശൂർ പൂരത്തിന്റെ ഓഡിയോ റെക്കോഡ് ചെയ്തത് ഒരു സൗണ്ട് ഡിസൈനർ എന്ന നിലക്കാണ്. റെക്കോർഡ് ചെയ്തു കൊണ്ടിരിക്കുന്ന വേളയിൽ ഉരുത്തിരിഞ്ഞ ആശയമാണ് സിനിമ. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതിൽഅതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും റസൂൽ വ്യക്തമാക്കി. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിർമ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയതെന്നാണ് തന്റെ അറിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്,​ അതിൽ ഏതെങ്കിലും കമ്പനിക്ക് കോപ്പിറെെറ്റ് അവകാശം എടുക്കാനാവില്ല. ഈ ആരോപണത്തിൽ തനിക്ക് യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു