mamta-banarji

കൊൽക്കത്ത: ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ബംഗാളിലെ പരസ്യപ്രചാരണം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ആർ.എസ്.എസിന്റെ ആൾക്കാരാണെന്നും ബി.ജെ.പിയുടെ പാവയായി കമ്മിഷൻ മാറിയെന്നും മമത ബാനർജി പറഞ്ഞു. ബംഗാളിൽ നടന്ന ആക്രമത്തിന് കാരണം അമിത് ഷായാണെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

ഒൻപത് ലോക്സഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ പരസ്യപ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഇതിന് എതിരെയാണ് മമത രംഗത്തെത്തിയത്. മണ്ഡലങ്ങളിൽ തുടർച്ചയായി നടക്കുന്ന അക്രമണ സംഭവങ്ങൾ പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു . വെള്ളിയാഴ്ച വൈകീട്ട് ആറിന് അവസാനിക്കേണ്ട പരസ്യപ്രചാരണം വ്യാഴാഴ്ച (നാളെ)​ രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടത്. മേയ് 19നാണ് ഈ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്.