ലണ്ടൻ : ഇംഗ്ളണ്ടിലെ പോയവർഷത്തെ മികച്ച പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയ്ക്ക്. ലീഗിലെ പരിശീലകരുടെ സംഘടനയാണ് പെപിനെ അവാർഡിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷവും പെപ്പായിരുന്നു മികച്ച പരിശീലകൻ. ഇത്തവണയും ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പിനെ മറികടന്നാണ് പെപ് പുരസ്കാരം നേടിയത്. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ലിവർപൂളിനെ ഒരു പോയിന്റിന് മറികടന്നാണ് സിറ്റി ഇത്തവണയും ചാമ്പ്യൻമാരായത്. സീസണിന്റെ തുടക്കത്തിൽ ലീഗ് കപ്പും സിറ്റി നേടിയിരുന്നു. ഈ ശനിയാഴ്ച ബംബ്ളി സ്റ്റേഡിയത്തിൽ എഫ്.എ. കപ്പ് ഫൈനലിൽ വാറ്റ്ഫോഡിനെ തോൽപ്പിക്കാനായാൽ മൂന്നാം കിരീടമാകും.