ചെന്നൈ: മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഒപ്പം മകളെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. തിരുനൽവേലിയിൽ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രതിയുടെ ഭാര്യ വെള്ളത്തുറച്ചി (40), 17കാരിയായ മകൾ എന്നിവരെയാണ് വെട്ടുകത്തികൊണ്ട് വെട്ടിയത്. പ്രതി തിരുനെൽവേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി (42) ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
തലയ്ക്ക് പുറകിലും കൈയ്ക്കും മാരകമായി വെട്ടേറ്റ വെള്ളത്തുറച്ചി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമായി തുടരുകയാണ്. വെള്ളത്തുറച്ചിയുടെ ബന്ധുവായ ആട്ടോഡ്രൈവറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. സമുദ്രപാണ്ടി ഇതിനെ എതിർത്തിരുന്നെങ്കിലും മാതാവിന്റെ പിന്തുണയോടെ മകൾ പ്രണയബന്ധം തുടർന്നു. ഇതിനേത്തുടർന്നാണ് പ്രതി അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.