cpm-in-bangal

കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പോട് കൂടി ബംഗാളിൽ സി.പി.എമ്മിന്റെ നില പരുങ്ങലിലാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബി.ജെ.പി ശക്തിപ്പെട്ട് വരുന്നതും മമതാ ബാനർജിയുടെ പ്രവർത്തനങ്ങളും സി.പി.എമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. പാർട്ടിയിലെ പ്രമുഖ നേതാക്കൾ ബി.ജെ.പിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും മാറിക്കൊണ്ടിരിക്കുന്നതും സി.പി.എമ്മിന്റെ ശക്തി ക്ഷയിക്കാൻ കാരണമായി.

നേരത്തെ ബി.ജെ.പിയും സി.പി.എമ്മും തിരഞ്ഞെടുപ്പിൽ പ്രദേശിക തലത്തിൽ കെെകോർക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പി ഇല്ലാത്ത പോളിംഗ് ബൂത്തുകളിൽ സി.പി.എം പ്രവർത്തകർ അവരെ സഹായിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ താഴെ തട്ടിൽ സി.പി.എമ്മിന്റെ സംഘടന പ്രവർത്തനം ദുർബലമാകുന്നതും പാർട്ടിക്ക് തിരിച്ചടിയാകുന്നു. തിരഞ്ഞെടുപ്പ് കഴിയുന്തോറും പാർട്ടിക്ക് സീറ്റുകൾ കുറഞ്ഞ് വരികയാണ്.

രാജ്ഗഞ്ചിൽ മത്സരിക്കുന്ന മുഹമ്മദ് സലീമും ജാദവ്പൂരിലെ ബികാസ് ഭട്ടാചാര്യയാണ് സി.പി.എമ്മിന് പ്രതീക്ഷയുള്ള പ്രധാന സ്ഥാനാർത്ഥികൾ. ഇവിടങ്ങളിൽ തൃണമുൽ വിരുദ്ധ വികാരം കത്തിനിൽക്കുന്നത് കൊണ്ടാണ് സി.പി.എമ്മിന് സാദ്ധ്യതയേറുന്നത്. എന്നാൽ സീറ്റുകൾ പിടിച്ചെടുക്കാൻ ബി.ജെ.പി ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയത്.

സി.പി.എമ്മിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്കും പാർട്ടിയെ പ്രതിസന്ധിലാക്കുന്നു. ഹാബിബ്പൂർ മാൽഡ മണ്ഡലത്തിലെ എം.എൽ.എ ഖാഗൻ മുർമു ബി.ജെ.പിയിലേക്ക് പോയതാണ് സി.പി.എമ്മിനെ ഞെട്ടിച്ചത്. മാൽഡ നോർത്തിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയാണ് മുർമു. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുന്നതും സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു.