ന്യൂഡൽഹി: കൊൽക്കത്തയിൽ നടന്ന സംഘർഷത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ടത് സി.ആർ.പി.എഫ്. ജവാൻമാർ ഉണ്ടായിരുന്നത് കൊണ്ടെന്ന് ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷാ. തന്റെ റോഡ്‌ഷോയ്ക്ക് നേരെ തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും അമിത് ഷാ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി. എല്ലാ സംസ്ഥാനങ്ങളിലും മത്സരിക്കുന്നുണ്ടെന്നും തൃണമൂൽ ബംഗാളിലെ 42 സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളുവെന്നും, അക്രമം ഉണ്ടായെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം തൃണമൂലിനാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പിയുടെ സമയം എണ്ണപ്പെട്ടുവെന്നുള്ള മമത ബാനർജിയുടെ മുന്നറിപ്പിനെക്കുറിച്ചും അമിത് ഷാ ഓർമിപ്പിച്ചു.
ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരേണ്ട കാര്യമില്ല. തൃണമൂലിന്റെ ഭരണം ജനങ്ങൾ തന്നെ അവസാനിപ്പിക്കും. 'മേയ് 23ന് ശേഷം ദീദിയുടെ ഭരണത്തിന് അന്ത്യമാകും.' അമിത് ഷാ പറഞ്ഞു. ചൊവാഴ്ചയാണ് കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽ അമിത് ഷായുടെ റാലി പുരോഗമിക്കുന്നതിനിടെ ബി.ജെ.പി. പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ എട്ടുമുട്ടുന്നത്. കൽക്കട്ട സർവ്വകലാശാലയ്ക്കും വിദ്യാസാഗർ സർവ്വകലാശാലയ്ക്കും പുറത്ത് നിൽക്കുകയായിരുന്ന ഏതാനും സാമൂഹ്യപ്രവർത്തകർ 'അമിത് ഷാ തിരിച്ച് പോകൂ' എന്നെഴുതിയ പ്ലക്കാർഡുകൾ കൈയ്യിൽ പിടിച്ചിരുന്നത് ബി.ജെ.പി. പ്രവർത്തകരെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ബംഗാളിലെ സാംസ്‌കാരിക നായകനും തത്വചിന്തകനുമായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെടുകയുണ്ടായി. എന്നാൽ ഇരു പാർട്ടിയുടെയും പ്രവർത്തകർ പ്രതിമ തകർക്കപ്പെട്ടതിന് പരസ്പരം കുറ്റപ്പെടുത്തുകയാണുണ്ടായത്.
എന്നാൽ പ്രതിമ സർവ്വകലാശാല കെട്ടിടത്തിന് അകത്തുള്ള ഒരു മുറിയിലായിരുന്നുവെന്നും മുറി പൂട്ടിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 'മുറി തുറക്കാതെ ഞങ്ങൾ എങ്ങിനെയാണ് പ്രതിമ തകർക്കുക?' അമിത് ഷാ ചോദിച്ചു. സംഘർഷത്തിന്റെ ഏതാനും ഫോട്ടോകളും അമിത് ഷാ മാദ്ധ്യമ പ്രവർത്തകരുമായി പങ്കുവെച്ചു. ബംഗാളിലെ തിരഞ്ഞടുപ്പ് കമ്മിഷൻ തൃണമൂൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും അതുകൊണ്ടാണ് അവർക്കെതിരെ കമ്മിഷൻ കേസ് എടുക്കാത്തതെന്നും അമിത് ഷാ ആരോപിച്ചു. അതേസമയം, ഗേറ്റുകൾ തകർക്കപ്പെട്ടതിന്റെയും ബി.ജെ.പി. പ്രവർത്തകർ സർവകലാശാലയുടെ അകത്ത് പ്രവേശിച്ചതിന്റെയും തെളിവുകളുമായി തൃണമൂൽ പ്രവർത്തകരും രംഗത്തെത്തി.
വിദ്യാസാഗർ പ്രതിമ തകർത്തതിനെതിരെ തൃണമൂൽ സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി പറഞ്ഞിരുന്നു. വേണ്ടിവന്നാൽ ഡൽഹിയിൽ വന്നും ആക്രമണത്തിനെതിരെ പ്രതികരിക്കുമെന്നും മമത പറഞ്ഞിരുന്നു. അക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിൽ മമത ബാനർജി മാർച്ചുകളും നടത്തിയിരുന്നു.