തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തുന്ന നാല് ഗ്യാംഗുകൾ സജീവമാണെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). മൂവാറ്റുപുഴ, കാസർകോട്, കോഴിക്കോട്, പെരുമ്പാവൂർ ഗ്യാംഗുകൾ എന്നറിയപ്പെടുന്ന മാഫിയയാണ് സ്വർണക്കടത്തിന് പിന്നിൽ. കസ്റ്റംസ്, പൊലീസ്, വിമാനത്താവള ജീവനക്കാർ എന്നിവരുടെയെല്ലാം പിന്തുണ ഈ സംഘങ്ങൾക്കുണ്ട്. ഈ സംഘത്തിലെ കണ്ണികളായ, വിമാനത്താവളത്തിലെ നിരവധി ജീവനക്കാരെ ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പിടിയിലായവർ ഈ സംഘങ്ങളിൽ പെട്ടവരാണ്. സംസ്ഥാനത്തും പുറത്തുമുള്ള വൻകിട ജുവലറികൾക്ക് വേണ്ടിയാണ് സ്വർണക്കടത്ത്.
ആറുമാസത്തിനിടെ 15.794 കോടി വിലമതിക്കുന്ന 6625പവൻ സ്വർണമാണ് തിരുവനന്തപുരത്ത് പിടികൂടിയത്. കഴിഞ്ഞദിവസത്തെ എട്ടരക്കോടിയുടെ സ്വർണവേട്ട ഇതിനു പുറമേയാണ്. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളെക്കാൾ കൂടുതൽ സ്വർണക്കടത്ത് തിരുവനന്തപുരം വഴിയാണെന്ന് ഡി.ആർ.ഐ പറയുന്നു. കാസർകോട്, കോഴിക്കോട് ഗ്യാംഗുകൾ പതിറ്റാണ്ടുകളായി സ്വർണാഭരണ ശാലകൾക്കു വേണ്ടി കടത്ത് നടത്തുന്നവരാണ്. സാമ്പത്തികലാഭം മാത്രമാണ് ഇവരുടെ നോട്ടം. ഗൾഫിൽ നിന്നുള്ള സ്വർണക്കടത്തുകാർക്ക്, ജുവലറിക്കാർ മുൻകൂറായി വിദേശകറൻസി നൽകുന്നുണ്ട്. അനധികൃത വിദേശകറൻസി ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പിന്റെയും ഡി.ആർ.ഐയുടെയും അന്വേഷണം ഫലംകണ്ടിട്ടില്ല. കിലോക്കണക്കിന് സ്വർണക്കടത്ത് ഇടയ്ക്കിടെ പിടികൂടുന്നുണ്ടെങ്കിലും കള്ളക്കടത്ത് മാഫിയയെ അമർച്ച ചെയ്യാനാവുന്നില്ല. പിടിയിലാവുന്നതെല്ലാം കടത്തുകാർ (കാരിയർമാർ) മാത്രമാണ്. സ്വർണം ഏറ്റുവാങ്ങാനെത്തുന്നവർക്കും കടത്തുകാർക്കുമെല്ലാം കോഡുകളാണ്. ആർക്കും പരസ്പരം അറിവുണ്ടാവില്ല. അതിനാൽ ഒരു കേസിൽ പോലും അന്വേഷണം യഥാർത്ഥ പ്രതികളിലെത്തില്ല.
തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്ത് സംഘത്തിലെ പ്രധാനികളായ 8പേരെ ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിലെ 4പേർക്ക് മാത്രം 100കോടിയിലേറെ ആസ്തിയുണ്ടെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കേന്ദ്ര സാമ്പത്തികകാര്യ രഹസ്യാന്വേഷണ വിഭാഗം നടപടിയെടുത്തിരുന്നു. വിമാനത്തിന്റെ ചവറുകുട്ടയിലും വിമാനത്താവളത്തിലെ ടോയ്ലെറ്റിലും സ്വർണം ഉപേക്ഷിക്കുന്ന രീതി മാറ്റി ഹാൻഡ് ബാഗിൽ കോടികളുടെ സ്വർണം നേരിട്ട് പുറത്തേക്കെത്തിക്കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാൽ കടത്തുകാർക്ക് കസ്റ്റംസ് അടക്കമുള്ളവരുടെ സഹായം ലഭിക്കുന്നുണ്ടോയെന്ന് ഡി.ആർ.ഐ സംശയിക്കുന്നു. തിരുവനന്തപുരത്ത് സ്വർണം കടത്തുന്ന സംഘം മുംബയ് വിമാനത്താവളം വഴി 200കിലോഗ്രാം സ്വർണം കടത്തിയ കേസിൽ ഡി.ആർ.ഐ അന്വേഷണം നേരിടുന്നുണ്ട്. ഇമിഗ്രേഷൻ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കും വിമാനത്താവള ജീവനക്കാർക്കും പണം നൽകി കള്ളക്കടത്തു സ്വർണം സുരക്ഷിതമായി പുറത്തു കടത്തുന്നതാണ് ഇവരുടെ രീതി. നാലുവർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ അടക്കം 36പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒമ്പതുപേരെ കോഫെപോസ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു. ഇവരെല്ലാം ജയിൽ മോചിതരായ ശേഷം തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്തിൽ സജീവമായിരിക്കുകയാണ്.
ഗൾഫിലെ സ്വർണവിലയും നാട്ടിലെ വിലയുമായി കിലോയ്ക്ക് മൂന്നുലക്ഷത്തിന്റെ വ്യത്യാസമുണ്ട്. സ്വർണാഭരണങ്ങൾ നിർമ്മിക്കുന്ന വൻകിടക്കാർക്കു വേണ്ടിയാണ് വിദേശത്തുനിന്ന് സ്വർണം കടത്തുന്നത്. നൂറുതവണ കടത്തുമ്പോഴാണ് ഒരു തവണയെങ്കിലും പിടിയിലാവുന്നത് എന്നത് കൂട്ടിച്ചേർത്ത് വായിക്കുമ്പോഴാണ് സ്വർണക്കടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസിലാവുക. ഏറ്റവും വലിയ സ്വർണക്കമ്പോളമായ കേരളത്തിൽ വിവാഹ സീസൺ തുടങ്ങിയതോടെയാണ് സ്വർണക്കടത്തിന്റെ വ്യാപ്തി കൂടിയത്. വിദേശത്തെ വിലവ്യത്യാസവും ഇവിടെ നികുതിവെട്ടിക്കുന്നതുമടക്കം 15ശതമാനം വരെ ലാഭമാണ് സ്വർണക്കടത്തുകാരുടെ കീശയിലെത്തുക. ചെന്നൈയിലെ ഒരു പ്രമുഖ ജുവലറി ഗ്രൂപ്പിനായും തിരുവനന്തപുരം വഴി വൻതോതിൽ സ്വർണം കടത്തുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് സിംഗപ്പൂർ വഴിയാണ് തമിഴ് സംഘങ്ങളുടെ കടത്ത്.
ഒരു കിലോ കടത്തിയാൽ ലാഭം മൂന്നരലക്ഷം
വിദേശത്ത് ആറുമാസം താമസിച്ചവർക്ക് 10 ശതമാനം നികുതിയടച്ച് ഒരു കിലോ സ്വർണം വരെ കൊണ്ടുവരാം. 2.35ലക്ഷം രൂപയാണ് നികുതി. ആറുമാസം വിദേശത്ത് താമസിക്കാത്തവർക്ക് സ്വർണം കൊണ്ടുവരാൻ 36ശതമാനം നികുതിയടയ്ക്കണം. മറ്റു ലോഹങ്ങൾ ചേർക്കാത്ത 24 കാരറ്റിന്റെ തനി തങ്കമാണ് വിദേശത്തുനിന്ന് കടത്തുന്നത്. ഒരുകിലോ സ്വർണത്തിന് 28ലക്ഷം രൂപ വിലവരും. ഇത് മറ്റു ലോഹങ്ങൾ ചേർത്ത് ആഭരണങ്ങളാക്കുമ്പോൾ വില 50 ലക്ഷംവരെ ഉയരും. ഒരുകോടിയിലധികം വിലയുള്ള സ്വർണം കടത്തിയാലേ റിമാൻഡ് സാദ്ധ്യമാവൂ. 20ലക്ഷത്തിലധികമുള്ള സ്വർണക്കടത്തിനേ അറസ്റ്റ് പോലും പാടുള്ളൂ. അല്ലെങ്കിൽ പിഴയൊടുക്കിയാൽ മതി. ഒരുകിലോ സ്വർണം കടത്തിക്കൊണ്ടുവന്നാൽ 2.75ലക്ഷം മുതൽ 3.50 ലക്ഷം വരെ കൈയിലിരിക്കും. കാരിയർമാർക്ക് 50,000രൂപയും ടിക്കറ്റും മാത്രം. ഇതാണ് സ്വർണക്കടത്ത് ആകർഷകമാക്കുന്നത്.
പിടിയിലായ സ്ത്രീ 100കിലോഗ്രാം സ്വർണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ പലമടങ്ങ് കടത്തിയിട്ടുണ്ടാവണം. സ്വർണക്കടത്ത് സംഘത്തിലെ എല്ലാവരെയും അകത്താക്കും. -ഡി.ആർ.ഐ ഉദ്യോഗസ്ഥൻ