തിരുവനന്തപുരം: മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തെത്തുടർന്ന് സ്റ്റാച്യു സ്പെൻസർ ജംഗ്ഷനിലെ കനറാ ബാങ്ക് റീജിയണൽ ഓഫീസ് കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രതിഷേധങ്ങൾ കാരണം വലഞ്ഞത് സാധാരണക്കാരായ യാത്രികരാണ്. രാവിലെ എട്ട് മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചിരുന്നു. ഇതോടെ എം.ജി റോഡിലെ ഗതാഗതം ഭാഗികമായി പൊലീസിന്റെ നിയന്ത്രണത്തിലായി.
പൊലീസിന്റെ ആസൂത്രണമില്ലായ്മയും തോന്നും പോലെ വാഹനം വഴി തിരിച്ചു വിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. പത്തു മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്കിനുള്ളിലേക്ക് തള്ളിക്കയറി ആക്രമണം അഴിച്ച് വിട്ടതോടെ സംഭവങ്ങൾ കൂടുതൽ വഷളായി. ഇരുപത്തഞ്ചോളം പ്രവർത്തകരാണ് ബാങ്കിനുള്ളിലേക്ക് കയറിയത്. ആദ്യത്തെ നിലയിലുണ്ടായിരുന്ന കസേരകളും ഫാനും മേശയുമൊക്കെ തള്ളി മറിച്ചിട്ടു. ഇതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് മാറ്റി. കാവൽ ഏർപ്പെടുത്തി ബാങ്ക് പ്രവർത്തനം ആരംഭിച്ചു. ഒപ്പം എ.കെ.ജി സെന്ററിന് മുൻവശത്ത് കൂടെ കനറാ ബാങ്കിന് സമീപത്തെത്തുന്ന ഇടറോഡ് വഴിയുള്ള ഗതാഗതവും യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ നിന്ന് സെക്രട്ടേറിയറ്റ് വരെ കനറാ ബാങ്കിന് മുന്നിലൂടെയുള്ള ഗതാഗതവും തടഞ്ഞു. സെക്രട്ടേറിയറ്റ് അടക്കമുള്ള ഓഫീസിലേക്ക് പോകുന്ന എം.ജി റോഡ് വഴിയുള്ള ഗതാഗതം താറുമാറായതോടെ ജനങ്ങൾ വലഞ്ഞു.
വൈകിയെത്തിയപ്രതിഷേധം
പത്തരയോടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച് ബാങ്കിലേക്ക് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധ മാർച്ചുണ്ടാകുമെന്ന പ്രഖ്യാപനവുമെത്തി. ഇതോടെ പാളയം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള സ്ഥലങ്ങളിലെ ഗതാഗതം പൂർണമായും നിറുത്തിവച്ചു. പാളയം വഴിയുള്ള ബസുകൾ ബേക്കറി ജംഗ്ഷൻ വഴി തിരിച്ച് വിട്ടു. കനറാ ബാങ്കിന് സമീപം റോഡിൽ വൻ ബാരിക്കേഡുകളും സ്ഥാപിച്ചു. ഗതാഗത പരിഷ്കാരത്തിന് ഇറങ്ങിയ പൊലീസ് പക്ഷേ പല സ്ഥലങ്ങളിലും കാഴ്ചക്കാരായി.
കഥ മാറി! പ്രതിഷേധവും തണുത്തു
ഇതിനിടെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണി മാത്രമല്ലെന്ന ആത്മഹത്യാ കുറിപ്പിനെക്കുറിച്ചുള്ള വാർത്ത പരന്നതോടെ ബാങ്കിന് മുന്നിലെത്തിയുള്ള പ്രതിഷേധം അസ്ഥാനത്താകുമെന്ന ചിന്തയിലായി സമരക്കാർ. ആശയക്കുഴപ്പം മാറാൻ ഒരു മണിക്കൂറെടുത്തു. 11ന് അറിയിച്ച പ്രതിഷേധം 12നാണ് ബാങ്കിന് മുന്നിലെത്തിയത്. പ്രസംഗവും പ്രതിഷേധവും അവസാനിപ്പിക്കാൻ വീണ്ടുമെടുത്തു ഒരു മണിക്കൂറോളം. ഒന്നരയോടെയാണ് ഗതാഗതം പൂർവ സ്ഥിതിയിലായത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ പൊതുനിരത്തിൽ പൊതുജനത്തിന് പൊല്ലാപ്പാകുന്നതിന് പിന്നാലെ സഹായിക്കാനെന്ന പേരിൽ പൊലീസ് നടത്തിയ ഗതാഗത പരിഷ്കാരങ്ങൾ വാഹനയാത്രക്കാർക്ക് പലയിടത്തും പെടാപ്പാടായെന്ന് ചുരുക്കം.