തിരുവനന്തപുരം : അന്താരാഷ്ട്ര ബാല ചലച്ചിത്ര മേളയുടെ രണ്ടാം പതിപ്പിന് ഇന്ന് കൊടിയിറക്കം. പ്രായം രണ്ടേ ഉള്ളൂവെങ്കിലും പക്വതയുള്ള നടത്തിപ്പായിരുന്നു മേളയുടെ വിജയം. മനസിൽ സിനിമാ മോഹങ്ങൾ താലോലിക്കുന്ന കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നാണ് സംഘാടകർ മടക്കി അയയ്ക്കുന്നത്.
മേളയിലെത്തിയപ്പോൾ സ്കൂൾ അസംബ്ലിയിലെ അച്ചടക്കത്തിന് കുട്ടിക്കൂട്ടങ്ങൾ താത്കാലിക അവധി നൽകി. കലപിലകൂട്ടി തിയേറ്ററുകൾ കീഴടക്കുന്ന കുരുന്നുകളായിരുന്നു മേളയുടെ ഹൈലൈറ്റ്. അവർ തിയേറ്ററിൽ കൂക്കി വിളിച്ചു, കൈയടിച്ചു, പിന്നെ കണ്ണു നനച്ചു.
ചാർലി ചാപ്ലിന്റെ ദി കിഡും മജീദ് മജീദിയുടെ ചിൽഡ്രൻ ഒഫ് ഹെവനും സോങ്ഹായുടെ റണ്ണിംഗ് ലൈക്ക് വിൻഡും ആദിയുടെ പന്തുമൊക്കെ ഒരേ മനസോടെ കുട്ടികൾ കണ്ടു. ശേഷം അവർ മനസിൽ തെളിഞ്ഞ ആശയങ്ങൾ വിലയിരുത്തി. ഈ വിലയിരുത്തലുകളാണ് ഭാവിയുടെ മലയാള സിനിമയെ നിർണയിക്കുക എന്നതിൽ സംശയമില്ല. ലോക സിനിമകൾ വീട്ടിലിരുന്നു കാണാൻ സൗകര്യമുള്ളവരും തിയേറ്റർ പോലും കാണാത്തവരും തിയേറ്ററുകളിലെ സ്ക്രീനുകൾക്ക് മുന്നിൽ അടുത്തടുത്തിരുന്ന് സിനിമ കണ്ടു. സിനിമ കാണാനെത്തിയവരിൽ താത്പര്യമുള്ളവർ മൂന്നു സംഘങ്ങളായി പിരിഞ്ഞ് സിനിമ നിർമ്മിച്ചു. കാമറയ്ക്കു മുന്നിലും പിന്നിലുമുള്ള അനുഭവം വലിയ ആത്മവിശ്വാസമാണ് ഇവർക്ക് നൽകിയത്.
സിനിമകളുടെ തിരഞ്ഞെടുപ്പിൽ സംഘാടകർക്ക് ഇനിയും മുന്നേറേണ്ടതുണ്ട്. ഇത്തവണ കണ്ടതല്ലാം മനോഹരമായി. അടുത്ത വർഷം കാണാനിരിക്കുന്നത് അതിലും മനോഹരമായിരിക്കും എന്ന പ്രതീക്ഷയ്ക്ക് ഇട നൽകുന്നതായിരുന്നു ഈ മേള. ഇന്റർനാഷണൽ വിഭാഗത്തിൽ കാണിച്ച ചിത്രങ്ങളും ആനിമേഷൻ ചിത്രങ്ങളും മനോഹരങ്ങളായിരുന്നു. വേ ടു നോർത്ത്, റെഡ് ടർട്ടിൽ തുടങ്ങിയ ആനിമേഷൻ ചിത്രങ്ങൾ. ജർമ്മൻ ചിത്രമായ വിൻഡ് സ്റ്റോം, ഡച്ച് ചിത്രമായ ഫൈറ്റ് ഗേൾ തുടങ്ങിയവ പെൺകുട്ടികളുടെ കരുത്തിനെ വിളിച്ചറിയിച്ചു.
ഐ.എഫ്.എഫ്.ഐയ്ക്ക് നഷ്ടപ്പെട്ട കൈരളി പടിക്കെട്ട് കാഴ്ചകൾ കുട്ടികളുടെ ചലച്ചിത്രമേള ഒരളവോളം വീണ്ടെടുത്തു. സിനിമാ ചർച്ചകൾക്കും സംവാദത്തിനും പടിക്കെട്ട് വേദിയായി. ഔദ്യോഗിക വേദി പോലും കൈരളിയിലെ പടിക്കെട്ടിനു താഴെയായിരുന്നു.
കുട്ടികലാകാരന്മാർ മുതൽ ദേശീയ അവാർഡ് ജേതാക്കൾവരെ ഇവിടെയെത്തി. കുട്ടികൾ ഉച്ചത്തിൽ കൂക്കി വിളിച്ചു. താളത്തിൽ ആരവമിട്ടു. അവരെ ആർക്കും നിയന്ത്രിക്കേണ്ടി വന്നില്ല. ഒരു രാഷ്ട്രീയ താത്പര്യവും മുൻനിറുത്തിയുള്ള മുദ്രാവാക്യം മുഴങ്ങിയില്ല. ഒരു സമരത്തിനും മേള വേദിയായില്ല. വേഷം കെട്ടിയുള്ള 'എഴുന്നള്ളുത്തു"കളും ഇല്ലായിരുന്നു.
തിരുവനന്തപുരം: 'സാറിന് സ്കൂളിൽ പഠിച്ചപ്പോഴുള്ള ഫ്രണ്ട്സിനെയൊക്കെ ഓർമ്മയുണ്ടോ?' പെൺകുട്ടിയുടെ ചോദ്യത്തിന് സുരാജ് ഉടൻ മറുപടി കൊടുത്തു.
''പിന്നേ, ഇഷ്ടംപോലെ. രാജൻ, സുരേഷ്, ബാബു, മനു......അങ്ങനെ കുറെ പേരുണ്ട്..''
പെൺകുട്ടികളൊന്നും സുഹൃത്തുക്കളായി ഇല്ലായിരുന്നോ?
''കൊള്ളാം, ബീന, മഞ്ജുള...''
ഒരു ലിനയെ അറിയാമോ? ഗോപിനാഥൻ സാറിന്റെ മകൾ?
''അറിയാല്ലോ ലിനയുടെ ആരാ''
ലിനയുടെ മകളാ ഞാൻ.
''എന്റെ സിവനേ.....ഇതു പറയാനാണാ, ഇത്രയും വളച്ചു കെട്ടണോ മോളേ...''.
സദസ് പൊട്ടിച്ചിരിക്കുന്നതിനിടയിൽ സുരാജ് ചോദിച്ചു മോളുടെ പെരെന്താ?
അഥീന
''ലിനയോടു എന്റെ അന്വേഷണം പറയണം കേട്ടോ...''
കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അതിഥിയായിട്ടെത്തിയതായിരുന്നു സുരാജ് വെഞ്ഞാറമൂട്. സുരാജിനെ കിട്ടിയതും കുട്ടികൾ ചോദ്യങ്ങളുമായി മൂടി.
'ഞാൻ സിനിമ കണ്ടല്ല, കേട്ടാണ് വളർന്നത്. വെഞ്ഞാറമൂട് സിന്ധു എന്ന ഓലപ്പുര തിയേറ്റർ. പക്ഷേ, സിനിമ കാണാൻ ടിക്കറ്റെടുക്കാൻ രണ്ട് രൂപ പോലും അന്ന് കൈയിലില്ലായിരുന്നു. അതുകൊണ്ട് എല്ലാ സിനിമകളുടെയും ശബ്ദരേഖ കേൾക്കും. എന്നിട്ട് കഥ വള്ളിപുള്ളി തെറ്റാതെ സ്കൂളിൽ പോയി കൂട്ടുകാരോട് പറയും. ഇവൻ കൊള്ളാലോ, നമ്മുടെ ക്ലാസിൽ എല്ലാ സിനിമയും കാണുന്ന ഒരേയൊരുത്തൻ ഇവനാണല്ലോ.. കൂട്ടുകാർ അസൂയയോടെ പറയും. സ്കൂളിൽ നിന്ന് വർഷത്തിലൊരിക്കൽ തിയേറ്ററിൽ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. ആ സിനിമയുടെ കഥയും പറയും. ശ്ശെടാ... ഇവനെ കൊണ്ട് തോറ്റല്ലോ? എന്നാകും കൂട്ടുകാർ പറയുക.
സിനിമ കാണാതെ ശബ്ദം മാത്രം കേട്ടത് കൊണ്ടാണ് മിമിക്രി ചെയ്ത് തുടങ്ങിയത്. ആദ്യം ബന്ധുക്കളെയാണ് അനുകരിച്ച് തുടങ്ങിയത്. ജഗതി ശ്രീകുമാറിന്റെ ശബ്ദം ചെയ്ത് തുടങ്ങിയതോടെയാണ് മിമിക്രി വഴങ്ങുമെന്ന് മനസിലായത്. പിന്നീട് സിനിമയിൽ എത്തിയപ്പോൾ ആദ്യത്തെ ഷോട്ട് ജഗതി ശ്രീകുമാറിനൊപ്പമായിരുന്നു. അത് വലിയ ഭാഗ്യമായി കാണുന്നു.
ആരെ അനുകരിക്കണമെന്നു ചോദിച്ചപ്പോൾ കുട്ടികൾ ലാലേട്ടൻ എന്നു പറഞ്ഞു.
മോഹൻലാലിന്റെ ആറാം തമ്പുരാനിലെ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ...എന്നു തുടങ്ങുന്ന ഡയലോഗ് അനുകരിച്ചു. പിന്നെ ജഗതിയെയും ഒടുവിൽ തിലകനെയും അനുകരിച്ച് സുരാജ് കൈയടി നേടി. ഇന്ത്യൻ റൂപ്പിയെന്ന സിനിമയിലെ തിലകന്റെ ഡയലോഗ് അതേ പടി അനുകരിച്ച് ഒരു വേഷം തിലകൻ ചേട്ടൻ ചെയ്താൽ അതിനപ്പുറം ആർക്കും ചെയ്യാനാകില്ല എന്നു പറഞ്ഞു. ഇനി ചെയ്യാൻ കൊതിക്കുന്ന വേഷം കിലുക്കത്തിൽ ജഗതിയുടെ വേഷമാണെന്നും സുരാജ് പറഞ്ഞു.
കുട്ടികൾക്കൊപ്പം സിനിമ കാണാൻ ഗവർണർ എത്തും
തിരുവനന്തപുരം: അന്താരാഷ്ട്ര ബാലചലച്ചിത്രമേളയിൽ കുട്ടികൾക്കൊപ്പം സിനിമ കാണാൻ ഗവർണർ പി. സദാശിവം എത്തും. രാവിലെ 9ന് കലാഭവനിൽ പ്രർശിപ്പിപ്പിക്കുന്ന അക്വാമാനാകും ഗവർണർ കാണുക. ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വെള്ളി മുതൽ നടന്നുവരുന്ന കുട്ടികളുടെ ചലച്ചത്രമേളയെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലൂടെയും വാർത്താ ചാനലുകളിലൂടെയും കണ്ട ഗവർണർ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപകിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നേരത്തേ ഉദ്ഘാടനത്തിനോ സമാപന ചടങ്ങിനോ എത്തണമെന്ന് ഗവർണറോടു സംഘാടകർ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകാരണം എത്താൻ കഴിയില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷെ, കുട്ടികൾക്കൊപ്പം സിനിമ കാണാനെത്താൻ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പ്രോട്ടോക്കോൾ മാറ്റിവച്ച് ഗവർണർ കുടുംബസമേതമാണ് സിനിമ കാണാൻ എത്തുക.