തിരുവനന്തപുരം: കുട്ടികളെ എവിടെങ്കിലും ഒരു മൂലയ്ക്ക് അടക്കി ഒതുക്കി ഇരുത്താൻ ചില രക്ഷിതാക്കൾ മൊബൈലും കമ്പ്യൂട്ടറും നൽകുന്നത് വഴി ഗെയിമുകളിലൂടെ അവർ വഴിതെറ്റിയേക്കാം അല്ലെങ്കിൽ ഓൺലൈൻ ബാങ്കിംഗ് ഫ്രോഡിന് ഇരയായേക്കാം. അതിനുള്ള മുന്നറിയിപ്പാണ് ഋഷികേശ് എന്ന കുട്ടി സംവിധായകൻ ഒരുക്കിയ 'മുന്നറിയിപ്പ്' എന്ന ഹ്രസ്വചിത്രം. കോതമംഗലം എലിയാസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഋഷികേശ്.
10 മിനിട്ട് നീളമുള്ള ഈ ഹ്രസ്വ ചിത്രം പേര് പോലെ തന്നെ കുട്ടികൾക്കും മാതാപിതാക്കൾക്കും മുന്നറിയിപ്പാണ്. മാറിവരുന്ന സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടഞ്ഞ് ഫലപ്രദമായ രീതിൽ വിനിയോഗിക്കാനുള്ള സന്ദേശം കൂടിയാണ് ചിത്രം നൽകുന്നത്. സംവിധായകനും നടനുമായ അച്ഛൻ ജയദീപിന്റെ സിനിമയോടുള്ള അഭിനിവേശമാണ് ഋഷികേശിന് പ്രചോദനമായത്. ചലച്ചിത്ര നിർമാണ വേളയിൽ അച്ഛൻ പകർന്ന് നൽകിയ പാഠങ്ങളും ഋഷികേശിന് കൂട്ടായി. സിനിമയെ കൂടുതൽ സീരിയസ് ആയി സമീപിക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചു കൂട്ടുകാരൻ.