തിരുവനന്തപുരം: ഇത്തവണത്തെ കുട്ടികളുടെ ചലച്ചിത്രമേള വൻവിജയമായിരുന്നുവെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക് പറഞ്ഞു. അടുത്ത വർഷം മുതൽ മേള കൂടുതൽ വിപുലമാക്കുമെന്നും അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു.
എത്രത്തോളം വിജയമായിരുന്നു അന്താരാഷ്ട്ര ബാല ചലച്ചിത്രമേള?
കുട്ടികൾ ഏറെ സന്തോഷിച്ചൊരു മേളയായിരുന്നു ഇത്. ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത ആദിവാസി വിഭാഗത്തിലെ കുട്ടികളെയും തിയേറ്ററിൽ പോയി സിനിമ കാണാൻ അവസരം ലഭിക്കാത്ത അനാഥാലയങ്ങളിലെ കുട്ടികളെയുമൊക്കെ തിയേറ്ററിലേത്തിക്കാനും ആഘോഷത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. കുട്ടികളുടെ മുന്നിലേക്ക് താരങ്ങളെയും കലാകാരന്മാരെയും എത്തിക്കാനായി.
അടുത്ത വർഷം മേള കൂടുതൽ മോടിയിലാക്കുമോ?
അടുത്ത വർഷം മുതൽ കുട്ടികളുടെ സിനിമയ്ക്ക് കൂടുതൽ അവാർഡുകൾ ഏർപ്പെടുത്തും. ഇത്തവണ കുട്ടികൾ ഒരുക്കിയ ചിത്രങ്ങൾ അഞ്ചെണ്ണമാണ് മേളയ്ക്ക് എത്തിയത്. അടുത്ത വർഷം മുതൽ കുട്ടികളുടെ ചിത്രങ്ങളുടെ മത്സരവിഭാഗത്തിലേക്ക് നേരത്തേ തന്നെ എൻട്രികൾ ക്ഷണിക്കും. സംസ്ഥാന അവാർഡിന്റെ മാതൃകയിൽ നടൻ, നടി, സംവിധാനം, തിരക്കഥ, ഗാനം എന്നിങ്ങനെ അവാർഡുകൾ നൽകും
ഇത്തവണത്തെ ചെലവ്?
ഇത്തവണ 75 ലക്ഷം രൂപ ബഡ്ജറ്റിട്ടാണ് മേള ആരംഭിച്ചത്. അവസാന കണക്കെടുപ്പ് നടത്തിയിട്ടില്ല. ആ തുകയ്ക്കു അകത്തു നിൽക്കും എന്നാണ് പ്രതീക്ഷ.