മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം അടുത്തവർഷംആരംഭിക്കും. മുരളി ഗോപി തിരക്കഥ എഴുതിയ ലൂസിഫറിന്റെ വമ്പൻ വിജയമാണ് രണ്ടാം ഭാഗമെടുക്കാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിലാണ് തുടങ്ങുന്നത്. ബറോസിന്റെ റിലീസിനുശേഷമേ മോഹൻലാൽ മറ്റേതെങ്കിലും സിനിമകളിൽ അഭിനയിക്കാൻ സാദ്ധ്യതയുള്ളൂ. അതിനാൽ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് കുറച്ചു നീണ്ടുപോയാലും അദ്ഭുതപ്പെടാനില്ല.
മോഹൻലാൽ ഇപ്പോൾ കൊച്ചിയിൽ ഇട്ടിമാണിയുടെ ലൊക്കേഷനിലാണ്. ജൂൺ ഒന്നിന് സിദ്ദിഖിന്റെ ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. അതിനുശേഷം വേറെ ചിത്രങ്ങളിലൊന്നും കരാർ ഒപ്പിട്ടിട്ടില്ല. ബറോസിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണിത്.
അതേ സമയം 2020 ഏപ്രിൽ വരെ പൃഥ്വിരാജ് മറ്റു സംവിധായകർക്ക് ഡേറ്റ് നൽകിയിട്ടുണ്ട്. അതിനുശേഷം മാത്രമേ പൃഥ്വിരാജും ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ജോലിയിൽ പ്രവേശിക്കൂ. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോൾ. തുടർന്ന് സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യും. ലാൽ ജൂനിയറിന്റെ ചിത്രം , ബ്ളസിയുടെ ആടു ജീവിതം എന്നിവയാണ് പൃഥ്വിയുടെ മറ്റുചിത്രങ്ങൾ.