subheesh

മംഗലാപുരം: പെരിയ ഇരട്ടകൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതി പിടിയിൽ. പാക്കം സ്വദേശി സുബീഷാണ് മംഗലാപുരം വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇയാൾ ഷാർജയിലേക്ക് കടന്നുകളയുകയായിരുന്നു. ഫെബ്രുവരി 17ന്‌ ശേഷമാണ് സുബീഷ് നാട്ടിൽ നിന്ന് കടന്നുകളഞ്ഞത്. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതു വിജയിക്കാതെ വന്നതോടെ ഇന്റർപോളിന്റെ സഹായം തേടിയതിനു പിന്നാലെയാണ് പ്രതി മടങ്ങിയെത്തിയത്. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഉദുമമേഖലയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്‌തിരുന്ന ആളായിരുന്നു സുബീഷ്. കൊലപാതകം നടന്ന ആദ്യ ദിനങ്ങളിൽ ഇയാൾ പ്രദേശത്തുണ്ടായിരുന്നു. എന്നാൽ അന്വേഷണം ശക്തമായതോടെ രാജ്യം വിടുകയായിരുന്നു. സുബീഷിന്റെ അറസ്‌റ്റോടെ കേസിലെ പ്രധാനപ്പെട്ട മുഴുവൻ പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന. 14 പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്‌റ്റിലായത്.

ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്‌ഠനേയും പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു.