ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തിയത്. തുടർന്ന് ഒരു വീട്ടിൽ നിന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തെ നാട്ടുകാരെ കവചമാക്കിയായിരുന്നു ഭീകരരുടെ ആക്രമണം. ഏതാണ്ട് ആറ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഭീകരരെയും സൈന്യം വധിച്ചത്.