തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്‌മിത (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ ഒരു മണിക്ക് വീട്ടിലെ കിടപ്പു മുറിയിൽ വച്ചാണ് ഭാര്യയെ സജീവ് കുമാർ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി ഉപയോഗിച്ചാണ് സജീവ് കുമാർ സ്മിതയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ ഉടൻ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തേയും ഇയാൾ സ്മിതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സജീവിനെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.