kamalhasan

ചെന്നൈ: മക്കൾ നീതി മയ്യം അദ്ധ്യക്ഷനും നടനുമായ കമൽഹാസനെതിരെ ചെരുപ്പേറ്. കഴിഞ്ഞ ദിവസം മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുര കുന്ദ്രത്തിൽ പ്രചാരണം നടത്തുന്നതിനിടയിലാണ് ആക്രമണം. സംഭവത്തിൽ ബി.ജെ.പി, ഹനുമാൻ സേന പ്രവർത്തകർക്കെതിരെ പരാതി നൽകി. രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് കമൽഹാസൻ പ്രസ്താവന നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആക്രണം.

ബി.ജെ.പി പ്രവർത്തകരും ഹനുമാൻ സേനയിലെ അംഗങ്ങളും ഉൾപ്പെടെ 11 പേർക്കെതിരെയാണ് പരാതി നൽകിയത്. കമൽഹാസൻ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോൾ ഇവർ താരം നിൽക്കുന്ന സ്‌റ്റേജിലേക്ക് ചെരിപ്പുകൾ എറിയുകയായിരുന്നു. ''സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.'' -എന്നാണ് കമൽഹാസൻ നേരത്തെ പ്രസ്ഥാവന നടത്തിയത്. ഇത് പറയുന്നത് മുസ്‌ലീം ഭൂരിപക്ഷമുള്ള പ്രദേശം ആയതുകൊണ്ടല്ലെന്നും മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ നിന്നുകൊണ്ട് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം,​ കമൽഹാസനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഹിന്ദു സേന ഫ്രണ്ടാണ് ഈ ആവശ്യവുമായി ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. ഇതിനിടെ കമൽഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് പറഞ്ഞ തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി രാജിവെക്കണമെന്ന് മക്കൾ നീതി മയ്യം ആവശ്യപ്പെട്ടിരുന്നു.