rahul-mayawati-mamata

ന്യൂഡൽഹി: പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പ്രശ്‌നമില്ലെന്നും എന്നാൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയുമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാബ് നബി ആസാദ് പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിനുവേണ്ടി ധാരണ ഉണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യനീക്കങ്ങളിൽ ചലനമുണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നതെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാൽ, അത് കോൺഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല - ഗുലാം നബി ആസാദ് പറഞ്ഞു. ''ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മൾ. പ്രചാരണത്തിനിറങ്ങിയ എനിക്ക് മനസിലായത് എൻ.ഡി.എയോ ബി.ജെ.പിയോ അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്. നരേന്ദ്രമോദി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാകില്ല. എൻ.ഡി.എ - ബി.ജെ.പി വിരുദ്ധ സ‍ർക്കാർ ഇനി അധികാരത്തിൽ വരും''- അദ്ദേഹം പറഞ്ഞു.

പൊള്ളത്തരങ്ങൾ പുറത്തായതോടെ മോദി പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുയാണെന്നും അമേതിയിൽ രാഹുൽ ഗാന്ധി തോൽക്കുമെന്നത് അതിമോഹമാണെന്നും അദ്ദേഹം പറ‌ഞ്ഞു. നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുൽ വയനാട് വിജയിക്കുമെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു. നേരത്തേ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കാനായാൽ രാഹുൽ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്ന കോൺഗ്രസിനെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിനും ആർജെഡി നേതാവ് തേജസ്വി യാദവും പിന്തുണയ്ക്കുകയും ചെയ്തതാണ്. എന്നാൽ, എൻ.സി.പി നേതാവ് ശരദ് പവാറാകട്ടെ, മമതാ ബാന‍ർജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാൻ യോഗ്യരെന്നാണ് അഭിപ്രായപ്പെട്ടത്. തൂക്ക് സഭ വന്നാൽ ഉപപ്രധാനമന്ത്രി പദമാണ് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ ലക്ഷ്യമെന്നാണ് സൂചന.