bogus-vote

കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ റീപോളിംഗിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ നാലു ബൂത്തുകളിൽ ഈ ഞായറാഴ്ച റീപോളിംഗ് നടക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് തീരുമാനമെടുക്കും.

വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആശയവിനിമയം നടത്തുകയാണ്. ഇതിന് ശേഷമാകും തീരുമാനമുണ്ടാവുക.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പിലാത്തറയിലെ ബൂത്ത് നമ്പർ 19ലാണ് കള്ളവോട്ട് നടന്നുവെന്ന വാർത്ത ആദ്യം പുറത്തുവന്നത്. സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ഇതുകൂടാതെ കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പർ ബൂത്തുകൾ, തൃക്കരിപ്പൂർ പുതിയറയിലെ 48ാം നമ്പർ ബൂത്ത് എന്നീ നാലിടങ്ങളിലും കള്ളവോട്ട് നടന്നതായി സ്ഥിരീകരണമുണ്ട്.