neyyattinkara-suicide

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പിതാവ് ചന്ദ്രന്റെ മൊഴി പുറത്തുവന്നു. കഴിഞ്ഞ ആഴ്ചയും വീട്ടിൽ മന്ത്രവാദം നടന്നുവെന്നും,​ വസ്തുവിൽപനയ്ക്ക് അമ്മ തടസം നിന്നതായും അതിൽ തർക്കമുണ്ടായെന്നും ചന്ദ്രൻ പറഞ്ഞു. അതേസമയം,​ പ്രദേശവാസിയായ മന്ത്രവാദിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.

ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഭർത്താവ് ചന്ദ്രൻ അടക്കം നാലുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

അതിനിടെ കേസിൽ കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.

മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആൽത്തറയിൽ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു.