zereena

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സംഘത്തിന് ദുബായിലെ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും, 15 യുവതികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) കണ്ടെത്തി. ഈ യുവതികളെ ഉപയോഗിച്ച് കഴിഞ്ഞ നവംബർ മുതൽ 100 കിലോയിലേറെ സ്വർണം കടത്തി. മുഖ്യകണ്ണിയായ കഴക്കൂട്ടം സ്വദേശി സെറീന ദുബായിൽ നടത്തിയിരുന്ന ബ്യൂട്ടിപാർലറിന്റെ മറവിലായിരുന്നു സെക്സ് റാക്കറ്റ് പ്രവർത്തിച്ചത്. സെറീന റിക്രൂട്ട് ചെയ്ത യുവതികളുടെ വിവരങ്ങൾ ശേഖരിച്ച ഡി.ആർ.ഐ ഇവരുടെ മൊഴിയെടുക്കാൻ ദുബായിലേക്ക് പോയി. യു.എ.ഇയിലുള്ള ഡി.ആർ.ഐ ഉദ്യോഗസ്ഥരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

വൻകിട ജുവലറികൾക്ക് വേണ്ടിയുള്ള സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് സെറീനയാണ്. പെൺകുട്ടികൾക്ക് അകമ്പടിയായി യുവാക്കളെയും ദുബായിലേക്ക് കൊണ്ടുപോകും. വിമാനടിക്കറ്റും മദ്യവും 20,000 രൂപയുമാണ് പ്രതിഫലം. പൈലറ്റ് കാരിയർ എന്നാണ് ഇവരെ അറിയപ്പെടുക. സെറീനയ്‌ക്കൊപ്പം പിടിയിലായ കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ ഇത്തരത്തിലൊരാളാണ്. ദുബായിൽ നിന്ന് സ്ത്രീകളാണ് സ്വർണം കൊണ്ടുവരിക. വിമാനത്താവളത്തിൽ പരിശോധനയുണ്ടെങ്കിലോ അസ്വാഭാവികത തോന്നിയാലോ സ്വർണമടങ്ങിയ ബാഗ് 'പൈലറ്റിനെ' ഏല്പിക്കും. തിരുവനന്തപുരത്ത് ഡി.ആർ.ഐ സംഘത്തിന്റെ പരിശോധന കണ്ട് സെറീന സ്വർണമുള്ള ബാഗ് സുനിൽകുമാറിനെ ഏല്പിക്കുകയായിരുന്നു. അമ്പതോളം തവണയായി 100 കിലോ സ്വർണം കടത്തിയതായി സെറീന സമ്മതിച്ചു. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പലപ്പോഴായി 25 കിലോ സ്വർണം കടത്തിയെന്ന് സുനിലും സമ്മതിച്ചു.

ഹാൻഡ് ബാഗിലാണ് സെറീന 25 കിലോഗ്രാം സ്വർണ ബാറുകൾ കൊണ്ടുവന്നത്. രൂപമാറ്റം വരുത്തുകയോ ഒളിപ്പിക്കുകയോ ചെയ്യാതെയാണ് ഇത്രയും സ്വർണം കൊണ്ടുവന്നത്. വിമാനത്താവളത്തിലെ ജീവനക്കാരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സഹായം സ്വർണക്കടത്ത് സംഘത്തിനുണ്ടെന്ന് ഡി.ആർ.ഐ പറഞ്ഞു. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ചിലരെ ചോദ്യംചെയ്യുന്നുണ്ട്.

കാരിയർമാർക്ക് തുച്ഛമായ തുകയേ പ്രതിഫലം നൽകാറുള്ളൂ. പക്ഷേ, മുഖ്യകണ്ണിയായ സെറീന കോടികൾ സമ്പാദിച്ചിട്ടുണ്ടെന്ന് ഡി.ആർ.ഐ പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമാക്കി പുതുതായി രൂപമെടുത്ത വൻ കള്ളക്കടത്ത് സംഘത്തിലുള്ളവരാണ് പിടിയിലായവർ.