ഒറ്റനോട്ടത്തിൽ ടാറ്റയുടെ ഏറ്റവും പുതിയ എസ്.യു.വിയായ ഹാരിയർ ഓർമ്മിപ്പിക്കുക ലാന്റ്റോവറിന്റെ റേഞ്ച്റോവർ സീരീസിനെയാകും. വലിപ്പവും രൂപവും ഘടനയും വച്ച് നോക്കുമ്പോൾ ലാന്റ്
റോവറിനോട് മത്സരിക്കാനാണ് ഹാരിയർ ഒരുങ്ങുന്നതെന്നും വ്യക്തം. പുരുഷത്വം തുളുമ്പുന്ന ഡിസൈൻ കൊണ്ടാണ് ടാറ്റ ഹാരിയറിനെ അലങ്കരിച്ചിരിക്കുന്നത്. ബാക്ക് പ്രൊഫൈലിലും ഹാരിയർ ലാന്റ്റോവറിനെ അനുസ്മരിപ്പിക്കുന്നു.
ഹെക്സാഗണൽ ആകൃതിയിലുളള ഫ്രണ്ട് ഗ്രില്ലും വലിപ്പമേറിയ റഗ്ഗഡ് ടയറുകളും അതാണ് സൂചിപ്പിക്കുന്നത്. അതിനടുത്തായി സ്ഥാപിച്ചിരിക്കുന്ന സെനോൺ ഹെഡ് ലാമ്പുകളും, തൊട്ടടുത്തുളള ഫോഗ് ലാമ്പുകളും ഹാരിയറിന്റെ അഗ്രസിവിറ്റി പിന്നെയും കൂട്ടുന്നു. ബോണറ്റുമായി ഇഴുകിയിരിക്കുന്ന ഡേലൈറ്റ് റണ്ണിംഗ് ലാമ്പുകളും ഹാരിയറിന്റെ പുരുഷസൗന്ദര്യം കൂട്ടുന്നുണ്ട്.
എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുന്ന ഈ ലാമ്പുകൾ ഇൻഡിക്കേറ്ററുകളായും പ്രവർത്തിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മുൻപിലായി ഏറ്റവും താഴെയുളള സിൽവർ ഫിനിഷിലുളള ചിൻ ഗാർഡുകളും കാറിന്റെ സൗന്ദര്യത്തിന് പൂർണത നൽകുന്നു. 'ഇംപാക്ട് 2'മോഡലിലുളള ഡിസൈനാണ് ഹാരിയർ സ്വീകരിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ പ്രവർത്തനക്ഷമമാകുന്ന വൈപ്പറുകളാണ് ഹാരിയരിന്റെ മറ്റൊരു പ്രത്യേകത. കാറിന്റെ വീതിയുളള വിൻഡ് ഷീൽഡ് കവർ ചെയ്യാൻ മാത്രം വീതിയുളളതാണ് ഹാരിയറിന്റെ വൈപ്പറുകൾ.
ഹാരിയറിന്റെ സൈഡ് പ്രോഫൈൽ ഡിസൈനും എസ്.യു.വി പ്രേമികളുടെ ആവേശം കൂട്ടുന്നതാണ്. ഹാരിയറിന്റെ വിൻഡോ ഗ്ലാസിന്റെ മുകളിലുളള ക്രോം ലൈനിംഗ് കാറിന്റെ വശങ്ങളിൽ നിന്നുമുളള കാഴ്ച്ചയും മനോഹരമാക്കുന്നു. വിശാലമായ ബൂട്ട് സ്‌പേസാണ് ഹാരിയറിന്റെ എടുത്ത് പറയേണ്ട മറ്റൊരു മേന്മ. 425 ലിറ്റാണ് കാറിന്റെ ബൂട്ട് സ്‌പേസ് കപ്പാസിറ്റി. ബാക്ക് സീറ്റുകൾ മടക്കിവച്ചാൽ ഈ കപ്പാസിറ്റി 810 ലിറ്ററായി പിന്നെയും കൂട്ടാനാകും. ടാറ്റയുടെ 'മോർ കാർ പെർ കാർ' മുദ്രാവാക്യത്തോട് ചേർന്നു നിൽക്കുന്നതാണ് പുതിയ എസ്.യു.വിയുടെ ഘടന. കുറഞ്ഞ പൈസയ്ക്ക് കൂടുതൽ കാറിന്റെ ഗുണം എന്നതാണ് 'മോർ കാർ പെർ കാർ'. ഒരു ഇടത്തരം കുടുംബത്തെ മൊത്തം ഉൾക്കൊളളാനുളള വലിപ്പം ഈ ശ്രേണിയിലെ ഏറ്റവും വലിപ്പമുളള കാറായ ഹാരിയറിനുണ്ട്. 2 ലിറ്റർ ഡീസൽ, പെട്രോൾ വേരിയന്റ് എഞ്ചിനുകളാണ് ഈ കാറിലുളളത്.