-sushma-swaraj

ഹൈദരാബാദ്: അഞ്ച് മാസമായി ഒമാനിൽ വീട്ടുതടവിലായിരുന്ന തന്നെ മോചിപ്പിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നന്ദി അറിയിച്ച് ഹൈദരാബാദ് സ്വദേശി കുൽസും ബാനു. ജോലി തട്ടിപ്പിൽ കുടുങ്ങിയാണ് കുൽസും ബാനു ഒമാനിലെ ഒരു വീട്ടുതടങ്കലിൽ അകപ്പെട്ടത്. തന്റെ മകളാണ് കത്തിലൂടെ സുഷമ സ്വരാജിനെ വിവരമറിയിക്കുന്നതെന്നും അതിനെ തുടർന്നാണ് ഒമാനിലെ ഇന്ത്യൻ എംബസി തന്റെ മോചനദ്രവ്യമായ 5000 റിയാൽ നൽകി തന്നെ രക്ഷപ്പെടുത്തുന്നതെന്നും ബാനു പറഞ്ഞു.

'ഇന്ത്യൻ എംബസിയുടെയും, സുഷമ സ്വരാജിന്റെയും സഹായത്തോടെ മേയ് എട്ടിനാണ് ഒമാനിൽ നിന്നും ഞാൻ ഹൈദരാബാദിൽ തിരിച്ചെത്തുന്നത്. ഞാൻ സുഷമ സ്വരാജിനും ഇന്ത്യൻ എംബസിയ്ക്കും എന്റെ നന്ദി അറിയിക്കുന്നു.' ബാനു ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ഞാൻ ഒരു ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. അപ്പോഴാണ് അബ്രാർ എന്നൊരാൾ തന്നെ സമീപിക്കുന്നത്. ഒമാനിൽ ബ്യുട്ടീഷ്യന്മാർക്ക് നല്ല ഡിമാൻഡാണെന്നും അവിടെ പോയാൽ 30,000 രൂപയോളം ശമ്പളം ലഭിക്കുമെന്നും അയാൾ തന്നോട് പറഞ്ഞു. 2018 ഡിസംബർ 17നാണ് ഞാൻ ഒമാനിലേക്ക് പോകുന്നത്.' കുൽസും ബാനു ഓർത്തെടുത്തു.

ഒമാനിൽ എത്തിയ ശേഷമാണ് ബാനു ചതി മനസിലാക്കുന്നത്. ബ്യുട്ടീഷ്യന്റെ ജോലിക്കായി അവിടെയെത്തിയ ബാനു തനിക്ക് ആ ജോലി ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ഒരു വീട്ടിൽ ജോലിക്കാരിയായി പ്രവേശിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ ജോലി ചെയ്ത ബാനു ജോലിഭാരം താങ്ങാനാകാതെ അതപേക്ഷിക്കുകയായിരുന്നു. തനിക്ക് ജോലി നൽകിയവർ തന്നെ മറ്റൊരാളുടെ കൂടെ തന്നെ അയക്കുകയായിരുന്നുവെന്നും ബാനു പറയുന്നു. അയാൾ തന്നെ പത്ത് ദിവസത്തോളം ഭക്ഷണം പോലും നൽകാതെ ഒരു മുറിയിൽ പൂട്ടിയിട്ടതായും നിരവധി തവണ മർദ്ദിച്ചതായും ബാനു പറഞ്ഞു.

അവിടെ നിന്നും ഒരുവിധം രക്ഷപെട്ട ബാനു ഇന്ത്യൻ എംബസിയിൽ എത്തിച്ചേർന്നു. അവിടെയും ബാനുവിന് 4 മാസത്തോളം തങ്ങേണ്ടി വന്നു. പിന്നീടാണ് തന്റെ മകളെ ബാനു വിവരങ്ങൾ അറിയിക്കുന്നതും മകൾ വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെടുന്നതും.