കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. കമ്മിഷന്റെ നടപടി അധാർമികവും പക്ഷപാതപരവുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ റാലി വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചതിനാലാണ് അതുവരെ പ്രചാരണത്തിനുള്ള സമയം അനുവദിച്ചതെന്നും അവർ ആരോപിച്ചു.
അതേസമയം, ബംഗാളിലെ തന്റെ റാലി തടയാൻ മമതയ്‌ക്ക് ധെെര്യമുണ്ടോയെന്ന് മോദി വെല്ലുവിളിച്ചു. ബംഗാളിലെ നവോത്ഥാന നായകരിലൊരാളായ വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ ഗുണ്ടകളാണെന്നും എന്നാൽ പ്രതിമ പുനസ്ഥാപിക്കുമെന്നും യു.പിയിലെ റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
"തിരഞ്ഞെടുപ്പ് കമ്മിഷൻ അധാർമികവും പക്ഷപാതപരവുമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പരിപാടികൾ വ്യാഴാഴ്ചത്തേക്കാണ് നിശ്ചയിച്ചിരുന്നത്. അതിനാലാണ് പ്രചാരണ സമയം ഇന്നുവരെ നൽകിയത്. അത് പൂർത്തിയാക്കാനുള്ള അവസരം ബി.ജെ.പിക്ക് നൽകുകയും എന്നാൽ തൃണമൂൽ കോൺഗ്രസിന് അത്തരമൊരു സമയം അനുവദിക്കാതെ ഒരു ദിവസം വെട്ടിക്കുറച്ചു. ഇത് ആസൂത്രിതമാണ്. ബംഗാളിൽ അമിത് ഷാ യുടെ റാലിക്കിടെയുണ്ടായ അക്രമം ആസൂത്രിതമാണ്"- മമത ആരോപിച്ചു.
കൊൽക്കത്തയോട് അടുത്ത ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം മമത വെള്ളിയാഴ്ചയാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ പ്രചാരണം വ്യാഴാഴ്ച അവസാനിപ്പിക്കണമെന്ന നിർദേശം വന്നതോടെ മമതക്ക് ഇത് പൂർത്തിയാക്കാൻ കഴിയില്ല. തുടർച്ചയായി അക്രമസംഭവങ്ങൾ അരങ്ങേറിയതിനാലാണ് പ്രചാരണം വെട്ടിക്കുറച്ചത്. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അവസാനിക്കും. നരേന്ദ്രമോദി പശ്ചിമബംഗാളിൽ ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും.