ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്‌റ്റിൽ അഭിപ്രായം രേഖപ്പെടുത്തിയ കായംകുളം എം.എൽ.എ യു.പ്രതിഭയ്‌ക്ക് പാർട്ടിയിൽ നിന്നു തന്നെ കടുത്ത വിമർശമാണ് നേരിടേണ്ടി വന്നത്.കായംകുളം താലൂക്ക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പേജിൽ കമന്റിട്ടതാണ് 'സൈബർ സഖാക്കളെ' ചൊടിപ്പിച്ചത്. വിഷയത്തിൽ എം.എൽ.എയുടെ കുറിപ്പ് അനുചിതമാണെന്ന് മന്ത്രി പരസ്യമായി പ്രതികരിച്ചിരുന്നു. ഇതോടെയാണ് പ്രതിഭക്കുനേരെ സൈബർ ആക്രമണം ശക്തമായത്.
ഇപ്പോഴിതാ സംഭവത്തെ പരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ.ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ പ്രതിഭ ആഗ്രഹിച്ചിരുന്നുള്ളുവെന്നും, എന്നാൽ പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയിൽ പോളിഷും വരെ സൈബർ സഖാക്കൾ വിമർശന വിധേയമാക്കിയെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'സ്ഫുട താരകൾ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാൻ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎൽഎയ്ക്ക് അല്പം വൈകിയാണെങ്കിലും മനസിലായി.
ആരോഗ്യ മന്ത്രിണിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമന്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ല. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ. പക്ഷേ വെളുക്കാൻ തേച്ചത് വെളളപ്പാണ്ടായി. ശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു.
പക്ഷേ സൈബർ സഖാക്കൾ വിട്ടില്ല. മന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎൽഎയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയിൽ പോളീഷും കുടുംബ പ്രശ്നങ്ങളും വരെ വിമർശന വിധേയമായി.
സൈബർ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോൾ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി. പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തിൽ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.
അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോൺഗ്രസ്, ലീഗ്, ബിജെപി സൈബർ പോരാളികൾ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവർത്തനം അവസാനിപ്പിച്ചേനെ.
വൈകിയാണെങ്കിലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ'