ന്യൂഡൽഹി: തന്റെ സംഗീതോപകരണം ഒപ്പം കൊണ്ട് പോകാൻ അനുവദിക്കാത്ത വിമാന കമ്പനിയെ രൂക്ഷമായി വിമർശിച്ച് ശ്രേയ ഘോഷാൽ. ട്വിറ്റർ വഴിയാണ് ശ്രേയ സിംഗപ്പൂർ എയർലൈൻസ് വിമാന കമ്പനിക്കെതിരെയുള്ള തന്റെ വിമർശനം തൊടുത്തത്. വിമാനകമ്പനിക്ക് സംഗീതജ്ഞരെയോ സംഗീതോപകരണങ്ങളെയോ ഇഷ്ടമല്ലെന്നും താൻ പഠിക്കേണ്ട പാഠം പഠിച്ചുവെന്നുമാണ് ശ്രേയ ട്വീറ്റ് ചെയ്തത്.
'എനിക്ക് തോന്നുന്നത്, സിംഗപ്പൂർ എയർലൈൻസ് സംഗീതജ്ഞരെയും അമൂല്യമായ സംഗീതോപകരണം കൈയിൽ വെക്കുന്നവരെയും അവരുടെ വിമാനത്തിൽ പോകാൻ അനുവദിക്കില്ലായെന്നാണ്. ഏതായാലും ഞാൻ പാഠം പഠിച്ചു. നന്ദി.' ശ്രേയ ട്വീറ്റ് ചെയ്തു. ഉടൻ തന്നെ വിമാനക്കമ്പനി ശ്രേയയുടെ ട്വീറ്റിന് മറുപടി നൽകി . ശ്രേയയ്ക്ക് ഇങ്ങനെ സംഭവിച്ചതിൽ തങ്ങൾ മാപ്പ് പറയുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങളെ അറിയിക്കണമെന്നും സിംഗപ്പൂർ എയർലൈൻസ് മറുപടി ട്വീറ്റ് നൽകി. തങ്ങളുടെ സഹപ്രവർത്തകർ നിങ്ങളോടു എന്താണ് പറഞ്ഞതെന്നും കമ്പനി ശ്രേയയോട് ആരാഞ്ഞു.
സാധാരണയായി 'ഏകാകി ' എന്ന ലേബലിലാണ് ശ്രേയ സംഗീത ലോകത്തും സിനിമാലോകത്തും അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ശ്രേയയുടെ ഈ പ്രതികരണം ആരാധകരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ട ഗായികയെ പിന്താങ്ങിക്കൊണ്ട് നിരവധി പേരാണ് ട്വിറ്ററിൽ കമന്റിട്ടത്. സംഭവത്തിൽ വിമാനക്കമ്പനിയെ കുറ്റപ്പെടുത്തിക്കൊണ്ടും നിരവധി പേർ രംഗത്തെത്തി. തികച്ചും ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് ശ്രേയ പ്രതികരിച്ചതെന്നും ഒരു ട്വിറ്റർ യൂസർ അഭിപ്രായപ്പെട്ടു.
പതിമൂന്ന് വർഷമായി സംഗീത രംഗത്തുള്ള ശ്രേയയുടെ അടുത്തിടെ ഇറങ്ങിയ ഹിറ്റ് പാട്ട് 'കളങ്കി'ലെ 'ഘർ മൊരെ പർദേസിയ'യാണ്. ഇന്ത്യയിലെ ആദ്യത്തെ സംഗീത റിയാലിറ്റി ഷോ ആയ 'മേരി ആവാസ് സുനോ'യിലൂടെയാണ് ശ്രേയ ഇന്ത്യൻ മുഖ്യധാരാ സംഗീതത്തിലേക്ക് പ്രവേശിച്ചത്.