ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം മേയ് 23ന് പുറത്തുവരാനിരിക്കെ നിർണായക നീക്കങ്ങളുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. ഡൽഹിയിൽ നടക്കുന്ന സംയുക്തയോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചു. ടി.ആർ.എസ്, ബി.ജെ.പി, വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന വിട്ടുവീഴ്ചയിലേക്ക് തൃണമൂൽ കോൺഗ്രസും എത്തി.
തിരഞ്ഞെടുപ്പ് ഫലം വന്നാൽ സർക്കാർ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കിൽ കാലതാമസം ഇല്ലാതെ അവസരം മുതലെടുക്കുക എന്നതാണ് കോൺഗ്രസ് മെനയുന്ന തന്ത്രം. അടിയന്തരനടപടികൾ സ്വീകരിക്കാനാണ് ഫലം വരുന്ന 23ാം തീയതി സോണിയാ ഗാന്ധി ബി.ജെ.പി ഇതരനേതാക്കളുടെ യോഗം വിളിച്ചത്. അതേസമയം, പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പ്രശ്‌നമില്ലെന്നും എന്നാൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയുമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാബ് നബി ആസാദ് പറഞ്ഞിരുന്നു. എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും കോൺഗ്രസിനുവേണ്ടി ധാരണ ഉണ്ടായാൽ നേതൃത്വം പാർട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തേ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കാനായാൽ രാഹുൽ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്ന കോൺഗ്രസിനെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിനും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും പിന്തുണയ്ക്കുകയും ചെയ്തതാണ്. എന്നാൽ, എൻ.സി.പി നേതാവ് ശരദ് പവാറാകട്ടെ, മമതാ ബാനർജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാൻ യോഗ്യരെന്നാണ് അഭിപ്രായപ്പെട്ടത്. തൂക്ക് സഭ വന്നാൽ ഉപപ്രധാനമന്ത്രി പദമാണ് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്റെ ലക്ഷ്യമെന്നാണ് സൂചന.
ബി.ജെ.ഡിയെ ഒപ്പം നിർത്താൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‍നായികുമായി കൂടിക്കാഴ്ച നടത്താനും സോണിയാ ഗാന്ധി ആലോചിക്കുന്നുണ്ട്. പ്രാദേശികപാർട്ടികൾ ദേശീയതലത്തിൽ സമ്മർദ്ദശക്തിയായി ഉയർന്നുവരണമെന്നും അധികാരത്തിൽ കൂടുതൽ ഉയർന്ന പദവികൾ തേടണമെന്നും കെ.സി.ആർ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി തന്നെയാകണം പ്രധാനമന്ത്രി എന്ന നിലപാടിൽ സ്റ്റാലിൻ ഉറച്ചു നിന്നു. ഒരിക്കൽ ബി.ജെ.പിയെ പാർലമെന്റിൽ പിന്തുണച്ചിട്ടുള്ള കെ.സി.ആർ കോൺഗ്രസുമായുള്ള സഖ്യം എഴുതിത്തള്ളുന്നില്ല എന്നതാണ് ശ്രദ്ധേയം.